കോഴിക്കോട്: കവര്‍ച്ചാ കേസില്‍ പരാതി നല്കിയ യുവാവിനെ പോലീസ് സ്റ്റേഷനില്‍ വച്ച് ക്രൂരമായി മര്‍ദിച്ചെന്ന ആരോപണവുമായെത്തിയ പിതാവ് നീതി തേടി മനുഷ്യാവകാശകമ്മീഷനിലേക്ക്. മകനെ മര്‍ദിച്ച പോലീസുകാര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പിതാവ് മനുഷ്യാവകാശ കമ്മീഷന് മുമ്പാകെ പരാതി നല്‍കുന്നത്.
ഇന്ന് പരാതി നല്‍കുമെന്നും മുഖ്യമന്ത്രിയ്ക്കും ഇതുസംബന്ധിച്ചുള്ള പരാതി നല്‍കാനാണ് തീരുമാനമെന്നും ഉണ്ണികുളം സ്വദേശിയായ പ്രകാശന് “രാഷ്ട്രദീപിക’യോട് പറഞ്ഞു. മകന് അനന്തുപ്രകാശി(20) നെ ഫറോക്ക് സ്റ്റേഷനില്‍ വച്ച് മര്‍ദിച്ചുവെന്നാണ് പ്രകാശന് പറയുന്നത്. മര്‍ദനത്തെ തുടര്‍ന്ന് അനന്തു കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ കലക്ഷന്‍ ഏജന്റായ അനന്തുവിനെ ഡിസംബര്‍ 31 ന് രാമനാട്ടുകര ബസ്റ്റാന്‍ഡിന് സമീപത്തുള്ള പോക്കറ്റ് റോഡില്‍ വച്ച് മൂന്നംഗസംഘം ആക്രമിച്ചിരുന്നു. ബൈക്കില്‍ പോവുകയായിരുന്ന അനന്തുവിനെ തടഞ്ഞ് നിര്‍ത്തി മര്‍ദിച്ച ശേഷം ബാഗിലുണ്ടായിരുന്ന 65,000 രൂപയുമായി മൂന്നംഗസംഘം രക്ഷപ്പെട്ടു.
സംഭവത്തെ തുടര്‍ന്ന് ഫറോക്ക് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും അനന്തുവാണ് പണം കവര്‍ന്നതെന്ന സംശയത്തില്‍ പോലീസ് മര്‍ദിക്കുകയായിരുന്നുവെന്നാണ് പ്രകാശന് പറയുന്നത്. അസി.കമ്മീഷണറുടെ സ്ക്വാഡിലുള്ളവരാണ് മകനെ ചോദ്യം ചെയ്തത്. ആദ്യം തന്നെ കുറ്റം സമ്മതിക്കണമെന്ന് ഇവര്‍ അനന്തുവിനോട് പറഞ്ഞിരുന്നു. പിന്നീട് അടിവസ്ത്രത്തില്‍ നിര്‍ത്തിയശേഷം മര്‍ദിച്ചു.
ചോദ്യം ചെയ്യലിനിടെ മകന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും പോലീസുകാര്‍ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും അവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് മകനെ കൊണ്ടുവരികയായിരുന്നുവെന്നും പ്രകാശന് പറഞ്ഞു.
അതേസമയം സ്റ്റേഷനില്‍വച്ച് അനന്തുവിനെ മര്‍ദിച്ചിട്ടില്ലെന്നും കവര്‍ച്ചയ്ക്ക് പിന്നില്‍ അനന്തുവാണെന്നുമാണ് പോലീസ് പറയുന്നത്. പോലീസുകാര്‍ മര്‍ദിച്ചുവെന്ന് കാണിച്ച് ഇന്നലെ സിറ്റി പോലീസ് കമ്മീഷണര്‍ക്കും പ്രകാശന് പരാതി നല്‍കിയിട്ടുണ്ട്.