കൊച്ചി: പരസ്യമദ്യപാനം പിടികൂടാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ മുഴുവൻ പ്രതികളും പിടിയിലായി. ആദ്യം അറസ്റ്റിലായ മുന്നുപേർക്കു പുറമെ സംഘത്തിലുള്ള രണ്ടുപേരെക്കൂടി രാത്രിയിൽ പോലീസ് പിടികൂടുകയായിരുന്നു.
കടവന്ത്ര, പൂക്കാട്ടുപടി സ്വദേശികളായ വിഷ്ണു എന്ന് പേരുള്ള രണ്ടുപേരാണ് പിടിയിലായതെന്നു പോലീസ് പറഞ്ഞു. ഇന്നലെ രാത്രിയിൽതന്നെ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ബ്രോഡ് വേ ഭാഗത്തുനിന്നുമാണ് ഇരുവരും പിടിയിലായതെന്നാണു വിവരം.
അതേസമയം, കേസിൽ നേരത്തേ പിടിയിലായ മൂന്നുപേരെ റിമാൻഡ് ചെയ്തു. കുഞ്ചാട്ടുകര സ്വദേശി അമൽ, പൂക്കാട്ടുപടി സ്വദേശി സുജിത്, അനീഷ് എന്നിവരെയാണ് ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. ഞായറാഴ്ച രാത്രി പട്രോളിംഗ് നടത്തുന്നതിനിടെയാണ് പോലീസുകാർക്ക് മർദനമേറ്റത്.
വിവിധ പരിപാടികളിൽ പങ്കെടുക്കാൻ ഇന്നലെ മുഖ്യമന്ത്രി ജില്ലയിലെത്തുന്നതിന്റെ ഭാഗമായി കൊച്ചി സിറ്റി പോലീസ് രാത്രികാല പട്രോളിംഗ് ശക്തമാക്കിയിരുന്നു. ഇതേത്തുടർന്ന് സെൻട്രൽ സ്റ്റേഷൻ പരിധിയിലും രാത്രി പട്രോളിംഗ് നടത്തുന്നതിനിടെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം യുവാക്കൾ പരസ്യമായി മദ്യപിക്കുന്ന വിവരം ലഭിച്ചു.
ഇതറിഞ്ഞെത്തിയ പോലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് ജീപ്പിൽ കയറ്റിയെങ്കിലും കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ സംഘം ചേർന്ന് പോലീസ് ഉദ്യോഗസ്ഥരെ മർദിക്കുകയായിരുന്നു. എസ്ഐ ജോസഫ് സാജൻ, സിപിഒമാരായ ഇസഹാഖ്, രഞ്ജിത്ത് എന്നിവർ ചേർന്നാണു പ്രതികളെ അറസ്റ്റ് ചെയ്തത്.