പരിയാരം: പോലീസുകാരെ ആക്രമിക്കുകയും കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ക്വാർട്ടേഴ്സിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത യുവാവിനെ ഒടുവിൽ അറസ്റ്റ് ചെയ്തു.
കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ഇ-ടൈപ്പ് ക്വാർട്ടേഴ്സിലെ താമസക്കാരിയായ സ്റ്റാഫ് നഴ്സായ പേരാവൂരിലെ റീഷ്നയുടെ ഭർത്താവ് മുഴപ്പാലയിലെ ഷമൽ (36) നെയാണ് പരിയാരം പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്.
ഇന്നലെ രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മൂന്ന് കുട്ടികളോടൊപ്പം ക്വാർട്ടേഴ്സിൽ താമസിക്കുന്ന റീഷ്നയോടൊപ്പമായിരുന്നു കോവിഡ് കാലത്തിന് ശേഷം ഭർത്താവ് ഷമൽ താമസം തുടങ്ങിയത്.
ഇയാൾ സ്ഥിരമായി മദ്യപിച്ചെത്തി പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ടെന്നാണ് പരാതി. ഇന്നലെ വൈകുന്നേരം അമിതമായി മദ്യപിച്ചെത്തി റീഷ്നയെ മർദ്ദിക്കുകയും മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.
ഇതോടെ റീഷ്ന മെഡിക്കൽ കോളജിലെ സംഘടനാ പ്രവർത്തകരെ അറിയിച്ചതിനെ തുടർന്ന് പ്രശ്നത്തിൽ ഇടപെട്ട അവർ ഇയാളോട് ക്വാർട്ടേഴ്സിൽ നിന്ന് ഒഴിയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഇതുസംബന്ധിച്ച് പോലീസിൽ പരാതി ലഭിച്ചതോടെ അന്വേഷിക്കാനായി പരിയാരം എസ്ഐ കെ.വി.സതീശനും സിപിഒ സോജിയും ക്വാർട്ടേഴ്സിലെത്തി.
ഈ സമയത്ത് മദ്യപിച്ച് ലക്കുകെട്ട ഷമൽ എസ്ഐയെ അക്രമിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സിപിഒ സോജിക്കും അക്രമത്തിൽ പരിക്കേറ്റു.
അക്രമത്തിൽ പരിക്കേറ്റ എസ്ഐ സതീശനും സിപിഒ സോജിയും മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടി. ബഹളത്തിനിടയിൽ പരിക്കേറ്റ ഷമലിനും ചികിത്സ നൽകി. മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ ശേഷം പ്രതിയെ റിമാൻഡ് ചെയ്തു.