ഇടുക്കി: കൂട്ടാറില്‍ പുതുവത്സരദിനത്തോടനുബന്ധിച്ച് പടക്കം പൊട്ടിക്കുന്നത് കാണാന്‍ നിന്നയാളെ പോലീസ് ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഓട്ടോ ഡ്രൈവറായ മുരളീധരനെയാണ് കമ്പംമെട്ട് സിഐ ഷമീര്‍ ഖാന് കരണത്തടിക്കുകയും അസഭ്യം പറയുകയും ചെയ്തത്. അടിയേറ്റ മുരളീധരന്റെ പല്ല് തെറിച്ചു പോയി.
മുരളീധരനെ സിഐ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായതോടെ ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ് കട്ടപ്പന എഎസ്പിയോട് റിപ്പോര്‍ട്ട് തേടി.ഡിസംബര്‍ 31ന് ന്യൂ ഇയര്‍ ആഘോഷത്തോടനുബന്ധിച്ചാണ് നാട്ടുകാര്‍ ചേര്‍ന്ന് പടക്കം പൊട്ടിച്ചത്.
ഇതിനിടെ സിഐയുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പോലീസ് ഇവിടെയുണ്ടായിരുന്നവരെ അസഭ്യം പറയുകയും മര്‍ദിക്കുകയുമായിരുന്നു. മുരളീധനെ സിഐ പിടിച്ചുതള്ളുകയും കരണത്തടിക്കുകയും ചെയ്യുന്നതു ദൃശ്യങ്ങളുണ്ട്.സംഭവത്തില്‍ മുരളീധരന് പരാതി നല്കാന് തീരുമാനിച്ചതോടെ ഒത്തുതീര്‍പ്പുമായി പോലീസ് എത്തിയിരുന്നു.
ആശുപത്രിയിലെ ചികില്‍സാചെലവ് വഹിക്കാമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്കി. ഇതേത്തുടര്‍ന്നാണ് പരാതി നല്കാന് താമസിച്ചതെന്നു മുരളീധരന് പറയുന്നു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ചികില്‍സാചെലവ് നല്‍കിയില്ല. അതിനിടെ മുരളീധരനെ പോലീസ് തല്ലിയതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചതോടെ പരാതിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നുവെന്നു മുരളീധരന്റെ മകള്‍ അശ്വതി പറയുന്നു.
ജനുവരി 16ന് പരാതി നല്‍കിയശേഷം ഡിവൈഎസ്പി ഓഫീസില്‍ വിളിച്ച് മൊഴിയെടുത്തെന്നും മകള്‍ പറയുന്നു. എന്നാല്‍ പിന്നീടും നടപടിയൊന്നും ഉണ്ടായില്ല. വീഡിയോ ദൃശ്യം പുറത്തു വന്നതോടെയാണ് ഇടുക്കി എസ്പി അടിയന്തര റിപ്പോര്‍ട്ട് തേടിയത്. റിപ്പോര്‍ട്ട് കിട്ടിയാല്‍ വകുപ്പു തല നടപടി ഉണ്ടാകുമെന്നും എസ്പി പറഞ്ഞു.