നവാസ് മേത്തർ
തലശേരി: കടൽപ്പാലത്തിൽ കാറ്റു കൊള്ളാനെത്തിയ ദമ്പതികളെ തലശേരി എസ്ഐയുടെ നേതൃത്വത്തിൽ ക്രൂരമായി മർദിച്ച സംഭവത്തിൽ നടന്ന അന്വേഷണത്തിൽ പോലീസിന് ക്ലീൻ ചിറ്റെന്ന് സൂചന.
ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികൾക്ക് സാധ്യതയില്ലെന്നാണ് റിപ്പോർട്ട്. ഇതിനിടയിൽ സംഭവത്തിൽ എസ്ഐ ഉൾപ്പെടെ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതിന്റെ മെഡിക്കൽ രേഖകൾ പോലീസ് പുറത്തുവിട്ടു.
എന്നാൽ, താനും ഭർത്താവും അക്രമിച്ചുവെന്ന പോലീസിന്റെ വെളിപ്പെടുത്തൽ പച്ചക്കള്ളമാണെന്നും പോലീസിന്റെ അക്രമത്തെ പ്രതിരോധിക്കാൻ ശ്രമിക്കുക മാത്രമാണ് ചെയ്തതെന്നും സംഭവത്തിൽ പരാതിക്കാരിയായ കതിരൂർ എരുവട്ടി പിനാങ്കിമെട്ട വിശ്വം വീട്ടിൽ മേഘ വിശ്വനാഥൻ രാഷ്ട്രദീപികയോട് പറഞ്ഞു.
സംഭവത്തിൽ സംസ്ഥാന – ദേശീയ മനുഷ്യാവകാശ കമ്മീഷനുകൾക്ക് പരാതി നൽകിയിട്ടുണ്ട്. ജീവിതപങ്കാളി ജയിൽ മോചിതനായ ശേഷം കൂടുതൽ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും മേഘ വ്യക്തമാക്കി.
വിശദ റിപ്പോർട്ട് പിന്നീട്
കാലാവസ്ഥ മുന്നറിയിപ്പിനെ തുടർന്ന് കടൽപാലത്തിന്നു സമീപം പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥർ സുരക്ഷയെ മുൻനിർത്തി കടൽ തീരത്തു നിന്നും പോകണമെന്നാവശ്യപ്പെട്ടിട്ടും പോകാതിരുന്ന ദമ്പതികൾ പോലീസിനോട് തട്ടിക്കയറുകയും ദമ്പതികളുടെ വാഹനത്തിന് രേഖകൾ ഇല്ലാതിരുന്നതിനെ തുടർന്ന് വിലാസം ചോദിച്ചപ്പോൾ നൽകാതിരിക്കുകയും തുടർന്ന് ജീപ്പിൽ കയറ്റാൻ ശ്രമിച്ചപ്പോൾ പ്രതികൾ പോലീസിനെ ഹെൽമറ്റ് കൊണ്ട് അക്രമിച്ചു എന്നതകടക്കമുളള റിപ്പോർട്ടുകളാണ് ഇതിനകം പുറത്തു വന്നിട്ടുള്ളത്.
സംഭവത്തെക്കുറിച്ച് തലശേരി എഎസ്പി വിഷ്ണു പ്രദീപ്, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ധനഞ്ജയ ബാബു എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി സിറ്റി കമ്മീഷണർക്ക് റിപ്പോർട്ട് സമർപ്പിച്ചു.
എന്നാൽ, പ്രാഥമിക അന്വേഷണ റിപ്പോർട്ടാണ് ഇപ്പോൾ കൈമാറിയിട്ടുള്ളതെന്നും വിശദമായ റിപ്പോർട്ട് പിന്നീട് സമർപ്പിക്കുമെന്നും എഎസ്പി വിഷ്ണു പ്രദീപ് രാഷ്ട്രദീപികയോട് പറഞ്ഞു.
പരിക്കേറ്റെന്ന്
മേഘ വിശ്വനാഥൻ മുഖ്യമന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥർക്കും നൽകിയ പരാതിയെ തുടർന്നാണ് സിറ്റി പോലീസ് കമ്മീഷണർ ആർ.ഇളങ്കോ അന്വേഷണത്തിന് ഉത്തരവിട്ടത്.
ദമ്പതികളുടെ അക്രമത്തിൽ എസ്ഐക്കും ഒരു പോലീസുകാരനും പറ്റിക്കേറ്റതായുള്ള റിപ്പോർട്ടും ഇതിനകം പുറത്തു വന്നിട്ടുണ്ട്. എസ്ഐ മനു, സിവിൽ പോലീസ് ഓഫീസർ പ്രജീഷ് എന്നിവർക്ക് പരിക്കേറ്റതിന്റെ രേഖകളാണ് പുറത്തു വന്നിട്ടുള്ളത്.
ഹെൽമറ്റ് ഉപയോഗിച്ചുള്ള അക്രമത്തിൽ എസ്ഐയുടെ വലതുകവിളിലും ഇടതുകയ്യിലും ചതവേറ്റതായും വലതു കവിളിലും മുക്കിലും ഉൾപ്പെടെ മൂന്ന് സ്ഥലത്ത് നഖം കൊണ്ട് മുറിവേറ്റിട്ടുള്ളതായും പ്രജീഷിന് പലതു കൈമുട്ടിലും ഇടതു കൈത്തണ്ടയിലും ചതവുള്ളതായും ഇടതു കൈത്തണ്ടയിൽ നാലു സെന്റ് മീറ്റർ നീളത്തിൽ തൊലിയുരിഞ്ഞിട്ടുതായും മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. ഇത് സംബന്ധിച്ച മെഡിക്കൽ രേഖകൾ പോലീസ് പുറത്തു വിട്ടിട്ടുണ്ട്.
ഇന്ന് വിധി
കഴിഞ്ഞ ദിവസം മേഘയേയും ഭർത്താവ് ധർമടം പാലയാട് വിശ്വത്തിൽ സി.പി. പ്രത്യുഷിനേയും എസ്ഐ മനുവും സംഘവും അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ റിമാൻഡിൽ കഴിയുന്ന പ്രത്യുഷിന്റെ ജാമ്യ ഹർജിയിൽ തലശേരി ജുഡീഷൽ ഫസ്റ്റ് മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും.
നിയമലംഘനം നടത്തുകയും പോലീസിനെ ഹെൽമറ്റ് കൊണ്ട് ആക്രമിക്കുകയും ചെയ്ത പ്രതിക്ക് ജാമ്യം നൽകരുതെന്ന് ജാമ്യ ഹർജിയിൽ നടന്ന പ്രോസിക്യൂഷന് വേണ്ടി ഹാജരായ അഡ്വ. പ്രകാശ് കോടതിയിൽ പറഞ്ഞു.
ജില്ലാ ഭരണകൂടം നൂറു കണക്കിന് വനിതകളെ പങ്കെടുപ്പിച്ച് രാത്രി നടത്തം സംഘടിപ്പിച്ച സ്ഥലത്ത് ദമ്പതികൾ നിന്നതിനെ പോലീസ് അസമയം എന്ന നിലക്കാണ് കൈകാര്യം ചെയ്തിട്ടുള്ളത്.
വനിതാ പോലീസില്ലാതെ
സ്ത്രീത്വത്തെ അപമാനിച്ച പോലീസ് ദമ്പതികളെ അക്രമിക്കുകയും വനിതാ പോലീസില്ലാതെ വനിതയെ ബലമായി ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടു പോകുകയാണ് ചെയ്തിട്ടുള്ളതെന്നും പ്രതിഭാഗത്തിനു വേണ്ടി ഹാജരായ അഡ്വ.പി. പ്രേമരാജൻ കോടതിയിൽ പറഞ്ഞു.
സംഭവ ദിവസം രാത്രി നഗരത്തിലെത്തി ഭക്ഷണം കഴിച്ച ശേഷം കാറ്റു കൊള്ളാനായി കടൽപ്പാലത്തിയപ്പോൾ തന്നേയും ഭർത്താവിനേയും പോലീസ് ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നാണ് മേഘയുടെ പരാതി.