ലക്നോ: ഉത്തർപ്രദേശിൽ യുവാവിനെ പട്ടാപ്പകൽ നടുറോഡിൽ അടിച്ചുകൊല്ലാൻ ശ്രമിച്ച രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ. നേപ്പാൾ അതിർത്തിയായ കിഴക്കന്‍ യുപിയിലെ സിദ്ധാർഥ് നഗറിലായിരുന്നു സംഭവം. ഗതാഗതനിയമം തെറ്റിച്ചെന്നാരോപിച്ചായിരുന്നു യുവാവിനെ പോലീസുകാർ മർദിച്ചത്. ഇയാൾ മദ്യപിച്ചിരുന്നതായും പ്രദേശത്ത് വർഗീയ സംഘർഷത്തിനു ശ്രമിച്ചെന്നുമാണ് പോലീസ് പറയുന്നത്.
എന്നാൽ യുവാവിനെ വൈദ്യപരിശോധനയ്ക്കു പോലീസ് വിധേയനാക്കിയിരുന്നില്ല. യുവാവിനൊപ്പമുണ്ടായിരുന്ന ആൾ പോലീസ് മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തി പുറത്തുവിട്ടതോടെയാണ് സംഭവം വിവാദമായത്.
റിങ്കു പാണ്ഡെ എന്ന യുവാവിനെയാണ് പോലീസ് ക്രൂരമായി മര്‍ദ്ദിച്ചത്. ബൈക്കില്‍ വന്ന റിങ്കുവിനെ വാഹന പരിശോധനയ്ക്കായാണ് പോലീസുകാർ തടഞ്ഞത്. റിങ്കുവിനൊപ്പം കുട്ടിയുമുണ്ടായിരുന്നു. വാഹനത്തിന്റെ രേഖകൾ പരിശോധിക്കുന്നതിനിടെ തർക്കം ഉന്നയിച്ച റിങ്കുവിനെ ബൈക്കിൽനിന്ന് പോലീസുകാർ വലിച്ചുതാഴെയിട്ടു. നിലത്തുവീണ റിങ്കുവിന്റെ പുറത്ത് കയറിയിരുന്നാണ് ഒരു പോലീസുകാരൻ മർദിച്ചത്.
ബഹളത്തിനിടെ റിങ്കുവിന്റെ ഒപ്പമുണ്ടായിരുന്ന പെൺകുട്ടിക്ക് പരിക്കേൽക്കുകയും ചെയ്തു. സബ് ഇന്‍സ്പെക്ടര്‍ വീരേന്ദ്ര മിശ്രയും ഹെഡ് കോണ്‍സ്റ്റബിള്‍ മഹേന്ദ്ര പ്രസാദും ചേര്‍ന്നാണ് റിങ്കു പാണ്ഡെയെ മര്‍ദ്ദിച്ചത്. ബൈക്കിന്റെ താക്കോല്‍ പോലീസുകാര്‍ ആവശ്യപ്പെട്ടെങ്കിലും കൊടുക്കാന്‍ റിങ്കു തയാറായില്ല. ഇത് പിടിച്ചുപറിക്കാന്‍ പോലീസുകാര്‍ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.