പാലക്കാട്: ബസിനു കല്ലെറിഞ്ഞ കേസിൽ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസിനുനേരെ നടപടിയുണ്ടായേക്കും. സംഭവത്തിൽ പോലീസിന്റെ വീഴ്ച അന്വേഷിക്കുമെന്നും അടിയന്തര നടപടിയെടുക്കുമെന്നും ജില്ലാ പോലീസ് മേധാവി പ്രദീഷ്കുമാർ അറിയിച്ചിരുന്നു.
പാലക്കാട് പള്ളത്തേരി ചേവൽക്കാട് പത്മനാഭന്റെ മകൻ സന്തോഷ് (27) ആണ് ഇന്നലെ തൂങ്ങിമരിച്ചത്. ആത്മഹത്യക്കു പിന്നിൽ പോലീസിന്റെ നിരന്തര ഭീഷണിയാണെന്ന് ബന്ധുക്കൾ ആരോപിച്ചു.ഇക്കഴിഞ്ഞ ജനുവരിയിൽ കെഎസ്ആർടിസി ബസിന്റെ ചില്ല് കല്ലെറിഞ്ഞു തകർത്ത കേസിലെ നാലു പ്രതികളിലൊരാളാണ് സന്തോഷെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
കേസുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം നൽകി കേസ് ഒത്തുതീർപ്പാക്കാനും ശ്രമം നടന്നിരുന്നു. ഇതിൽ രണ്ടുപേർ തുകയടച്ചെങ്കിലും സന്തോഷും മറ്റൊരാളും തുകയടച്ചിരുന്നില്ലത്രെ. തുകയടയ്ക്കണമെന്നാവശ്യപ്പെട്ട് കസബ പോലീസ് നിരന്തരമായി വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഇന്നലെയും സ്റ്റേഷനിൽ ഹാജരാകാൻ എഎസ്ഐ ആവശ്യപ്പെട്ടിരുന്നു.
തുടർന്ന് സന്തോഷ് മൊബൈൽ ഓഫാക്കി. പിന്നീട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതോടെ ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രതിഷേധം അണപൊട്ടി. സന്തോഷിനെ ഭീഷണിപ്പെടുത്തിയ പോലീസുകാർ വരാതെ ഇൻക്വസ്റ്റ് നടപടികൾക്കനുവദിക്കില്ലെന്നും പറഞ്ഞു. തുടർന്ന് സിഐയുടെ നേതൃത്വത്തിൽ സംഭവം അന്വേഷിക്കാമെന്ന ഉറപ്പിേന്മേലാണ് തുടർനടപടികൾ നടന്നത്.
ഡിവൈഎസ്പി ഉൾപ്പടെ ഉന്നത പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ ഇന്നലെ പാലക്കാട്-പൊള്ളാച്ചി പാത ഉപരോധിക്കുകയും ചെയ്തിരുന്നു. ജില്ലാ ആശുപത്രിയിലുള്ള മൃതദേഹം ഇന്നു പോസ്റ്റുമോർട്ടം നടപടികൾക്കുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുക്കും.