കൊട്ടാരക്കര: ഓയൂർ ആക്കൽ ലക്ഷ്മീഭവനിൽ സോമൻപിള്ള(55)യുടെ മരണം പോലീസ് മർദനത്തിൽ ഏറ്റ പരിക്കു മൂലമെന്ന് ആരോപണം. 2015ൽ വീടിനു സമീപം തീവയ്പുണ്ടായ കേസിൽ സാക്ഷിയാണ് സോമൻപിള്ളയും ഭാര്യ ലളിതയും. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ഇവരെ കഴിഞ്ഞ 28ന് കൊട്ടാരക്കരയിലെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയിരുന്നു.
ഇവിടെ ചോദ്യം ചെയ്യുന്നതിനിടെ കേസിലെ പ്രതികളുടെ മുന്നിൽ സോമൻപിള്ളയെ മർദിച്ചെന്നു കാട്ടി ഇവർ റൂറൽ എസ്പിക്ക് പരാതി നൽകിയിരുന്നു. തുടർന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇവർ പരാതി നൽകിയിട്ടുണ്ട്. നെഞ്ച് വേദനയെ തുടർന്ന് 28 ന് രാത്രിയിൽ സോമൻപിള്ള താലൂക്കാശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
മുമ്പ് ഹൃദയ ശസ്ത്രക്രീയ നടത്തിയിട്ടുള്ള ആളാണ് സോമൻപിള്ള. പോലീസ് ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകിയതിന് പോലീസുകാർ ഭീഷണിപ്പെടുത്തിയെന്നും മകനെ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ഫോൺകോളുകൾ ലഭിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു.
നെഞ്ചു വേദന കൂടി വരികയും കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ സോമൻപിള്ള മരണമടയുകയും ചെയ്തു. പോലീസ് മർദനത്തിലേറ്റ പരിക്കും പോലീസിൽ നിന്നുള്ള മാനസിക പീഡനവുമാണ് മരണ കാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊട്ടാരക്കര താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് റൂറൽ എസ്പി ബി.അശോകൻ പറഞ്ഞു.