വടകര: ട്രെയിൻ യാത്രക്കിടയിൽ ഉച്ചത്തിൽ സംസാരിച്ചത് ചോദ്യം ചെയ്ത ഡോക്ടറെ പോലീസ് ഉദ്യോഗസ്ഥൻ തല്ലിച്ചതച്ചതായി പരാതി. പരിക്കേറ്റ ഡോക്ടർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ഡോക്ടർക്കെതിരെ കേസെടുത്ത പോലീസ് ഇദ്ദേഹത്തെ തല്ലിയതിനു നടപടി കൈക്കൊണ്ടില്ലെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം. വടകരയിലെ എസ്ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനും പോലീസുകാരും സ്പോർട്സ് മീറ്റ് കഴിഞ്ഞ് തിരുവനന്തപുരത്ത് നിന്ന് വരികയായിരുന്നു.
ഇവർ സഞ്ചരിച്ച റിസർവേഷൻ കംപാർട്ട്മെന്റിൽ നീലേശ്വരം സ്വദേശിയായ ഡോക്ടറുമുണ്ടായിരുന്നു. മഫ്റ്റിവേഷത്തിലുള്ള എസ്ഐയും കൂട്ടരും ഉച്ചത്തിൽ സംസാരിക്കുന്നത് ശല്യമായി തോന്നിയ ഡോക്ടർ ഇവരെ ശകാരിക്കുകയുണ്ടായി. ഇതിന്റെ പേരിൽ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും എസ്ഐ ഡോക്ടറെ തല്ലുകയും ചെയ്തു.
ഇതോടെ കംപാർട്ട്മെന്റിൽ പൊരിഞ്ഞ ബഹളമായി. ട്രെയിൻ വടകരയിൽ എത്തിയ അവസരത്തിൽ പോലീസുകാർ ഡോക്ടറെ കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.
എസ്ഐയുടെ പരാതി പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്ത പോലീസ് കേസ് റെയിൽവെ പോലീസിനു കൈമാറിയിരിക്കുകയാണ്. അതേ സമയം ഡോക്ടറെ തല്ലിയ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയില്ലെന്നു പരാതിയുണ്ട്. ഐഎംഎ ഇടപെട്ടാണ് ഡോക്ടറെ പോലീസ് സ്റ്റേഷനിൽ നിന്ന് ഇറക്കി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുഖത്ത് സാരമായ തല്ലാണ് കൊണ്ടത്. മർദിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി തേടി ഡോക്ടറും പരാതി നൽകി.