കൊച്ചി: മന്ത്രിയുടെ വാഹനത്തിനു സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് പോലീസ് മർദിച്ചതായി ട്രക്ക് ഡ്രൈവറായ യുവാവിന്റെ പരാതി. എറണാകുളം തേവയ്ക്കൽ സ്വദേശി കെ.ആർ. അനിൽകുമാർ ആണു പോലീസിനെതിരേ ആരോപണവുമായി രംഗത്തുവന്നത്. കഴിഞ്ഞ18ന് ആയിരുന്നു പരാതിക്കാധാരമായ സംഭവം.
പാലക്കാടുനിന്നു ചരക്ക് കയറ്റിയ ട്രക്കുമായി വരുന്ന വഴി സേലം-തൃശൂർ ഹൈവേയിലെ വീതി കുറവുള്ള ഭാഗത്ത് എത്തിയപ്പോൾ പിന്നാലെ വന്ന മന്ത്രിയുടെ വാഹനം കടന്നുപോകാൻ പ്രയാസമുണ്ടായി. മന്ത്രിയുടെ വാഹനം കടന്നുപോയശേഷം വാഹന പരിശോധനയ്ക്കായി ഹൈവേയിലുണ്ടായിരുന്ന പോലീസുകാർ ട്രക്ക് നിർത്താൻ ആവശ്യപ്പെട്ടു.
വാഹനത്തിൽനിന്നു പുറത്തിറങ്ങിയ തന്നോടു മന്ത്രിയുടെ വാഹനം വരുന്നത് കണ്ടുകൂടെ എന്നു ചോദിച്ചു നാലു പോലീസുകാർ ചേർന്നു മർദിക്കുകയായിരുന്നുവെന്ന് അനിൽകുമാർ പറഞ്ഞു. മർദനമേറ്റ് അവശനിലയിലാണ് ആലുവ വരെ വാഹനമോടിച്ചെത്തിയത്.
വേദന കൂടിയതിനെത്തുടർന്ന് ആദ്യം അങ്കമാലിയിലും പിന്നീട് ആലുവ ജില്ലാ ആശുപത്രിയിലും ചികിത്സ തേടി. പരിക്കേറ്റ് ആശുപത്രിയിലായ വിവരം ആശുപത്രി അധികൃതർ അങ്കമാലി പോലീസിനെ അറിയിച്ചിരുന്നു. മർദിച്ച പോലീസുകാർക്കെതിരേ ഓണ്‍ലൈനായി താനും പരാതി നൽകിയെന്നും എന്നാൽ യാതൊരു അന്വേഷണവും ഇതുവരെ നടന്നില്ലെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കു പരാതി കൊടുക്കുമെന്നും അനിൽകുമാർ പറഞ്ഞു.