എരുമേലി: എരുമേലിയിൽ യുവാവിനെ പോലീസ് മർദിച്ചെന്ന പരാതി വ്യാജമാണോ എന്ന സംശയം ഉയർന്നു. മർദനത്തിന്റേതായ ഒരു തെളിവും ഇല്ലെന്ന് ഡോക്ടറും, മർദിച്ചതായി കണ്ടെത്തിയാൽ രാജിവയ്ക്കാൻ തയാറാണെന്ന് എരുമേലി സിഐയും വ്യക്തമാക്കിയതോടെയാണ് യുവാവിന്റെ ആരോപണം വ്യാജമാണോ എന്ന സംശയം ഉയരുന്നത്.
എരുമേലി ശ്രീനിപുരം നാല് സെന്റ് കോളനി പാടിമുറിയിൽ വിനീത് (21) ആണ് പോലീസ് മർദിച്ചെന്ന പരാതിയുമായി ആശുപത്രിയിൽ എത്തിയത്.
യുവാവിനെ പോലീസ് സ്റ്റേഷനിൽ വിളിച്ച് താക്കീത് ചെയ്തു വിടുകയായിരുന്നുവെന്നും യാതൊരു മർദനവും ഉണ്ടായിട്ടില്ലെന്നും എരുമേലി സിഐ എം. ദീലിപ് ഖാൻ പറഞ്ഞു. ഏതുവിധ അന്വേഷണത്തിനും താൻ തയാറാണെന്നും യുവാവ് സ്റ്റേഷനിൽ വന്നു പോയതിന്റെ തെളിവുകൾ ഉണ്ടെന്നും സിഐ പറഞ്ഞു. മർദിച്ചതായി കണ്ടെത്തിയാൽ താൻ ജോലി രാജിവയ്ക്കുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സിഐ.
എരുമേലി പോലീസ് മർദിച്ചെന്നാരോപിച്ച് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ വിനീതിനെ രണ്ട് ഡോക്ടർമാർ പരിശോധിച്ചിട്ടും മർദനത്തിന്റെ ലക്ഷണങ്ങളൊന്നുമില്ല. യുവാവ് ഡോക്ടർമാരുടെ നേരെ തട്ടിക്കയറിയതോടെ കോട്ടയം മെഡിക്കൽ കോളജിലേക്ക് യുവാവിനെ പറഞ്ഞുവിട്ട് ഡോക്ടർമാർ കയ്യൊഴിയുകയും ചെയ്തു.
ഇന്നലെ ഉച്ചയോടെയാണ് സംഭവം. യുവാവിന്റെ അയൽവാസിയായ വീട്ടമ്മ നൽകിയ പരാതിയിലാണ് വിളിച്ചുവരുത്തിയത്. വീട്ടമ്മയുടെ മകനെ മർദിച്ചെന്നായിരുന്നു പരാതി. സ്റ്റേഷനിൽ വീട്ടമ്മയും മകനും ആരോപണ വിധേയനായ യുവാവും എത്തുകയും മേലിൽ ആവർത്തിക്കില്ലെന്ന ഉറപ്പിൽ യുവാവിനെ വിട്ടയച്ചെന്നുമാണ് പോലീസ് പറയുന്നത്.
യുവാവിനെ താക്കീത് ചെയ്യുക മാത്രമാണുണ്ടായതെന്ന് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം. ദിലീപ് ഖാൻ പറഞ്ഞു.
നെടുങ്കണ്ടം ഉരുട്ടിക്കൊല സംഭവത്തെ തുടർന്ന് ആശുപത്രിയിൽ യുവാവിനെ വിശദമായാണ് പരിശോധിച്ചതെന്നും ദേഹോപദ്രവമേറ്റതിന്റെ ലക്ഷണങ്ങൾ ഇല്ലെന്നും ഡോക്ടർമാർ അറിയിച്ചു. അതേസമയം യുവാവ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. പോലീസ് മർദിച്ചെന്ന് യുവാവും ഒപ്പമുള്ളവരും പറഞ്ഞു. സ്റ്റേഷനിൽ വെച്ചാണ് മർദിച്ചതെന്നും വയറിനും നെഞ്ചിനും മർദനമേറ്റെന്നും യുവാവ് പറയുന്നു.