ഗാന്ധിനഗർ: ഭാര്യ തൂങ്ങി മരിച്ചതിന്റെ കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ടു സ്റ്റേഷനിൽ വിളിച്ചു വരുത്തിയ ഭർത്താവിനെ എസ്ഐ ക്രൂരമായി മർദ്ദിച്ചുവെന്ന് പരാതി. മല്ലപ്പള്ളി ചുങ്കപ്പാറ കോട്ടാങ്കൽ കണയങ്കൽ വീട്ടിൽ ജോസഫിന്റെ മകൻ റ്റിജിൻ ജോസഫ് (30) ആണ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടിയിരിക്കുന്നത്.
ഇന്നലെ രാവിലെ പെരുന്പട്ടി പോലിസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി എസ്ഐയുടെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടി വസ്ത്രം മാറുന്ന മുറിയിൽ കൊണ്ടുപോയി കൈ പുറകിലേക്കു പിടിച്ച ശേഷം കുനിച്ച് നിർത്തി ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
വടി കൊണ്ട് പുറത്ത് അടിക്കുകയും ഷൂസിട്ട കാലുകൊണ്ട് വലതുകാലിൽ ചവിട്ടുകയും തലയ്ക്കു നിരവധി തവണ അടിക്കുകയും ചെയ്തതായി റ്റിജിൻ പറഞ്ഞു. മർദ്ദനത്തിനു ശേഷം രക്തം ചർദ്ദിച്ചതാണ് മെഡിക്കൽ കോളജിൽ ചികിത്സ തേടുവാൻ കാരണം.
ചുങ്കപ്പാറയിലുള്ള ഒരു യുവതിയുമായി റ്റിജിനു പ്രണയമുണ്ടെന്ന് ആരോപിച്ച് റ്റിജിന്റെ ഭാര്യ ഇരുവരുടേയും കുട്ടിക്ക് ആറു മാസം പ്രായമുള്ളപ്പോൾ ഉപേക്ഷിച്ചുപോയതാണ്. വിവാഹത്തിന് മുന്‍പ് ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലാവുകയും അവരുടെ വിദ്യാഭ്യാസത്തിനായി സാന്പത്തിക സഹായം നൽകുകയും ചെയ്തിരുന്നു.
പിന്നീട് താനുമായുള്ള വിവാഹത്തെ പെണ്‍കുട്ടിയുടെ വീട്ടുകാർ എതിർക്കുകയും മറ്റൊരു വിവാഹത്തിന് സമ്മതിപ്പിക്കുകയും ചെയ്തു. ഇതിനു ശേഷമാണ് ഞാൻ മറ്റൊരു വിവാഹം കഴിക്കുന്നത്. ആ വിവാഹബന്ധം വേർപിരിയുന്നതിനുള്ള കേസ് കുടുംബകോടതിയിൽ നടന്നുവരികയാണ്.
കുറച്ചു നാൾ മുന്‍പാണ് പഴയ കാമുകിയുമായി ഒന്നിച്ചുള്ള ജീവിതം ആരംഭിക്കുന്നത്. ഇരു കുടുംബങ്ങളിൽ നിന്നും പ്രശ്നം ഉണ്ടായിരുന്നു. 2019 ഡിസംബർ 15നു വൈകുന്നേരം ഓട്ടോറിക്ഷ ഓട്ടം കഴിഞ്ഞ് വീട്ടിൽ വരുന്പോൾ ഒപ്പം താമസിച്ചിരുന്ന സ്ത്രീ വീടിനുള്ളിൽ തൂങ്ങി നിൽക്കുന്നതാണ് കാണുന്നത്.
കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി സംസ്കരിച്ചെന്നു റ്റിജിൻ പറയുന്നു. അന്നു മുതൽ പെരുന്പട്ടി പോലീസ് വിളിച്ചുവരുത്തി എസ്ഐയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുകയും മർദ്ദിക്കുകയും പതിവായിരുന്നു.
കഴിഞ്ഞ ദിവസം മരിച്ച സ്ത്രീയുടെ മരണകാരണം കണ്ടു പിടിക്കണമെന്നാവശ്യപ്പെട്ടു ആക്ഷൻ കൗണ്‍സിൽ സമരം നടത്തിയിരുന്നു. അതിനു ശേഷമാണ് എന്നെ പിടിച്ചു കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചതെന്ന് റ്റിജിൻ പറയുന്നു.
എന്നാൽ സംഭവത്തെക്കുറിച്ച ഒന്നും അറിഞ്ഞിട്ടില്ലെന്നും അന്വേഷിച്ചശേഷം പ്രതികരിക്കാമെന്നും പെരുന്പട്ടി എസ്എച്ച്ഒ രാഷ്ടദീപികയോടു പറഞ്ഞു. മെഡിക്കൽ കോളജ് നിരീക്ഷണ വിഭാഗത്തിൽ കഴിയുന്ന റ്റിജിന്റെ വലത് കൈക്ക് ചെറിയ പരിക്കുണ്ട്. കാലിൽ മുട്ടിന് താഴോട്ട് ബാഡേജ് ഇട്ടിട്ടുണ്ട്. ശരിരത്തിന്റെ പുറത്ത് അടിച്ചപാടുകളും കാണാം