തിരുവനന്തപുരം: കഴക്കൂട്ടം കരിച്ചാറയിൽ കെ റെയിൽ കല്ലിടൽ പ്രതിഷേധത്തിനിടെ കോൺഗ്രസ് പ്രവർത്തകരെ പോലീസ് മർദിച്ച സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
മർദ്ദനം കൊണ്ട് അടിച്ചു അമർത്താനാകില്ല. ഒരു സ്ഥലത്തും കെ റെയിൽ കല്ലിടാൻ ഉദ്യോഗസ്ഥരെ അനുവദിക്കില്ല. കല്ലിട്ടാൽ പിഴുത് എറിയുമെന്നും സതീശൻ പറഞ്ഞു.
ഒരു പോലീസുകാരൻ ബൂട്ട് ഇട്ട് നാഭിക്ക് ചവിട്ടി. മറ്റൊരാളുടെ നെഞ്ചത്ത് ചവിട്ടി. ഇതിന്റെ തെളിവുകളൊക്കെ ഇപ്പോൾ മാധ്യമങ്ങളിൽ ദൃശ്യങ്ങളായി വന്നുകഴിഞ്ഞു.
ഡൽഹി പോലീസ് കാണിക്കുന്നത് പോലെ തന്നെയാണ് കേരളാ പോലീസും കാണിക്കുന്നത്. കാടൻ രീതിയിൽ ആണ് സമരത്തെ പിണറായി പോലീസ് നേരിടുന്നതെന്നും സതീശൻ പറഞ്ഞു.
കോൺഗ്രസ് പ്രവർത്തകർക്ക് നേരെ കാലുയർത്തുന്ന പോലീസുകാർക്ക് മുന്നറിയിപ്പ് നൽകുകയാണ്. തങ്ങളുടെ പ്രവർത്തകർക്ക് നേരെ കാലുയർത്തുന്നതിന് മുമ്പ് മൂന്ന് പ്രാവശ്യം ആലോചിക്കണം.
ഭീഷണി എങ്കിൽ ഭീഷണി ആയി തന്നെ ഇതിനെ കണക്കാക്കാം. ഇത്തരം അതിക്രമം കേരളത്തിൽ വച്ചു വാഴിക്കില്ലെന്നും സതീശൻ മാധ്യമങ്ങളോട് കൂട്ടിച്ചേർത്തു.