കായംകുളം : സ്കൂൾ വിദ്യാർഥികളെ ആളുമാറി പോലീസ് സംഘം മർദിച്ച സംഭവത്തിൽ ആരോപണ വിധേയനായ എ എസ് ഐയെ അന്വേഷണ വിധേയമായി സ്ഥലം മാറ്റി. ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് കായംകുളം ഡി വൈ എസ് പി നൽകിയ റിപ്പോർട്ടിനെ തുടർന്ന് കായംകുളം പോലീസ് സ്റ്റേഷനിലെ എ എസ് ഐ സുരേഷ് കുമാറിനെയാണ് നൂറനാട് പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയത്.
കഴിഞ്ഞ ദിവസമാണ് കായംകുളം എരുവ തുണ്ടുപറന്പിൽ പരേതനായ ഷാജഹാന്റെ മകൻ ഷാദിൽ (16 ) ബന്ധുവായ നിസാമിന്റെ മകൻ ഷാഹിദ്(14 ) എന്നിവർക്ക് പോലീസ് മർദനമേറ്റത് .പള്ളിയിൽ നിന്നും പ്രാർഥന കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർഥികളെ പോലീസ് സംഘം തടഞ്ഞ് നിർത്തി മർദിച്ചെന്ന് കാട്ടി ബന്ധുക്കൾ ഡി വൈ എസ് പിക്ക് പരാതി നൽകുകയായിരുന്നു .
മർദിച്ച ശേഷം ദേഹ പരിശോധന നടത്തിയ പോലീസ് സംഘം ആളുമാറിയെന്ന് പറഞ്ഞ് സ്ഥലത്ത് നിന്നും മടങ്ങിയെന്നും മർദനമേറ്റ വിദ്യാർഥികൾ ഡി വൈ എസ് പിക്ക് മൊഴി നൽകിയിരുന്നു. ഇതേ തുടർന്ന് ഡി വൈ എസ് പി ആർ ബിനുവിനോട് ജില്ലാ പോലീസ് മേധാവി കെ.എം ടോമി റിപ്പോർട്ട് ആവശ്യപ്പെടുകയായിരുന്നു.
കായംകുളത്തെ ഒരു പെണ്കുട്ടിയോട് മോശമായ രീതിയിൽ സംസാരിച്ച സംഘത്തെ ചോദ്യം ചെയ്ത സഹപാഠിയെ കാറിലെത്തിയ സംഘം മർദിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിനായെത്തിയ പോലീസ് സംഘം ചുവന്ന ഷർട്ടിട്ട ആളാണ് മർദിച്ചതെന്ന മൊഴിയെ തുടർന്ന് ചുവന്ന ഷർട്ട് ധരിച്ച ഷാദിലിനെയും,ഷാഹിദിനെയും മർദിച്ചതായാണ് പരാതി.
ഷാദിൽ പ്ലസ്ടു വിദ്യാർഥിയും ഷാഹിദ് ഒന്പതാം ക്ലാസ് വിദ്യാർഥിയുമാണ്. സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോണ്ഗ്രസ്, യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ കായംകുളം പോലീസ് സ്റ്റേഷൻ ഉപരോധിക്കുകയും ചെയ്തിരുന്നു.
ജില്ലാ ബാലക്ഷേമ സമിതി സിറ്റിങ്ങിൽ സംഭവം സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കണമെന്ന് ബാലക്ഷേമ സമിതി അധ്യക്ഷ ജലജ ചന്ദ്രൻ കായംകുളം എസ് ഐ യോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.