കൊച്ചി: തൃപ്പൂണിത്തുറ ഹില്‍പ്പാലസില്‍ കെഎപി ഫസ്റ്റ് ബെറ്റാലിയനിലെ പോലീസുകാരനെ ഉന്നത ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പേർക്ക് സസ്പെന്ഷന്.
കെഎപി ഫസ്റ്റ് ബെറ്റിലിയനിലെ ഹവില്‍ദാര്‍മാരായ അന്‍സാര്‍, അരുണ്‍ ദേവ്, രാജേഷ് എന്നിവരെ കെപിഎ ബെറ്റാലിയന് ഡിഐജി സഞ്ജയ്കുമാര്‍ ഗുരുഡാണ് സസ്പെന്‍ഡ് ചെയ്തത്.
ഡിസംബര്‍ 31ന് വൈകുന്നരമായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം. ബാബു എന്ന പോലീസുകാരനാണ് മർദനമേറ്റത്.
പുതുവര്‍ഷ തലേന്ന് രാത്രി ബാബുവുമായി തര്‍ക്കത്തിലേര്‍പ്പെട്ട മദ്യലഹരിയിലായിരുന്ന ഉന്നത ഉദ്യോഗസ്ഥര്‍ ബാരക്കിനകത്തിട്ട് മര്‍ദിച്ചുവെന്നാണ് പരാതി.
കട്ടിലില്‍ പിടിച്ചുകിടത്തി മാറിമാറി മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിനിടെ സഹായമഭ്യര്‍ഥിച്ച് ബാബു പോലീസ് ടോള്‍ഫ്രീ നമ്പറായ 112 ല്‍ ബന്ധപ്പെട്ടു. ഇതുകണ്ട ഉദ്യോഗസ്ഥര്‍ ഫോണ്‍ ബലമായി പിടിച്ചു വാങ്ങി കോള്‍ കട്ടു ചെയ്തു.
കോള്‍ സെന്ററില്‍നിന്ന് തിരിച്ചു കോള്‍ വരാതിരിക്കാന്‍ ഫോൺ പിന്നീട് നശിപ്പിച്ചു. മര്‍ദനമേറ്റ ബാബു അവശനായതോടെയാണ് അക്രമികൾ പിന്മാറിയത്.
പരാതി നല്കാൻ ശ്രമിച്ചെങ്കിലും പ്രശ്നം ഒതുക്കി തീര്‍ക്കാനാണ് തുടക്കത്തിൽ അധികൃതർ ശ്രമിച്ചത്. മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഈ സംഭവം പോലീസ് സേനയ്ക്കാകെ അവമതിപ്പുണ്ടാക്കിയെന്നു ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ നടപടി.