പയ്യോളി: പയ്യോളി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കലോത്സവ നഗരിയില്‍ കയറി ലാത്തി ചാര്‍ജ്ജ് നടത്തിയ പോലീസ് നടപടിക്കെതിരേ വ്യാപക പ്രതിഷേധം. ഉപജില്ലാ കായിക മത്സരത്തില്‍ വിജയിച്ച പയ്യോളി ഹൈസ്കൂള്‍ വിദ്യാര്‍ഥികളെ മേപ്പയൂര്‍ ഹaൈസ്കൂള്‍ വിദ്യാര്‍ഥികള്‍ മേപ്പയൂര്‍ ഹൈസ്കൂളില്‍ വച്ച് ഇന്നലെ ക്രൂരമായി മര്‍ദിച്ചിരുന്നു. ഇതിനെ തുടര്‍ന്നു പയ്യോളി ഹൈസ്കൂളില്‍ ഇന്നലെ നടന്ന സ്കൂള്‍ കലോത്സവ പരിപാടികള്‍ നിര്‍ത്തിവെച്ച് പ്രതിഷേധിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ഒന്നടങ്കം രംഗത്തെത്തിയിരുന്നു.
എന്നാല്‍ പരിപാടി നിര്‍ത്തിവയ്ക്കാന്‍ സംഘാടകര്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്നുള്ള പ്രതിഷേധം നിയന്ത്രിക്കാന്‍ വേണ്ടിയാണ് സ്കൂള്‍ അധികൃതര്‍ പോലീസ് സഹായം തേടിയത്. കൂടുതല്‍ പ്രശ്നം ഉണ്ടാക്കിയ വിദ്യാര്‍ഥികളെ പോലീസ് സ്കൂള്‍ കോമ്പൌണ്ടില്‍ കയറി കസ്റ്റഡിയില്‍ എടുത്തതായി വിദ്യാര്‍ഥികള്‍ പരാതിപ്പെടുന്നു. സ്ഥലത്തെത്തിയ പോലീസ് കണ്ണില്‍ കണ്ടവരെയെല്ലാം അടിച്ചോടിക്കുകയായിരുന്നുവത്രെ.
ഇതോടെ നടപടിക്കെതിരെ എതിര്‍പ്പുമായി അധ്യാപകരും എത്തി. തുടര്‍ന്നു പ്രതിഷേധക്കാരെ കോമ്പൌണ്ടിന് വെളിയിലേക്ക് മാറ്റി. ഗെയിറ്റിന് പുറത്തുവച്ച് മുദ്രാവാക്യം വിളിച്ച വിദ്യാര്‍ഥികളെ ലാത്തി ഉപയോഗിച്ച് പോലീസ് അടിച്ചോടിച്ചു. മര്‍ദനത്തില്‍ ആറോളം വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റതായി പറയുന്നു. ഇവര്‍ പ്രാഥമിക ചികിത്സ തേടിയ ശേഷം വീടുകളിലേക്ക് പോയി.
സമാധാനപരമായി മുദ്രാവാക്യം വിളിച്ച വിദ്യാര്‍ഥികളെ പോലീസിനെ ഉപയോഗിച്ച് തല്ലിചതച്ച നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. എന്നാല്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്നു സ്റ്റേജില്‍ ഒപ്പന അവതരിപ്പിക്കുകയായിരുന്ന പെണ്‍കുട്ടികള്‍ നിലത്ത് വീണതിനെ തുടര്‍ന്നാണ് പോലീസ് സഹായം തേടിയതെന്നും പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ തങ്ങള്‍ക്ക് കഴിയുമാരിന്നില്ലെന്നും അദ്ധ്യാപകര്‍ പറയുന്നു.
കലോത്സവ ദിനമായതിനാല്‍ സ്കൂള്‍ യൂണിഫോമില്‍ അല്ലാത്ത കുട്ടികളെ പുറത്തുള്ള കുട്ടികളായി പോലീസ് തെറ്റിദ്ധരിച്ചതാണ് ലാത്തി ചാര്‍ജ്ജില്‍ കലാശിച്ചതെന്നും സ്കൂള്‍ അധികൃതര്‍ പറയുന്നു.