പത്തനംതിട്ട: കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ച എസ്ഐക്കും പോലീസുകാർക്കുമെതിരെ സംസ്ഥാന പോലീസ് കംപ്ലയിന്റ്സ് അഥോറിറ്റി നിയമ നടപടിക്ക്. കെഎസ്ആർടിസി ഡ്രൈവറായ ചിറ്റാർ മേൽത്തുണ്ടിയിൽ പി. എ. ഷാജഹാനെ ചിറ്റാർ എസ്ഐ രാകേഷ് കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ എം. അൽസാം, എസ്. അനീഷ് ് എന്നിവർ ചേർന്ന് അകാരണമായി മർദ്ദിച്ചതായി സംസ്ഥാന പൊലീസ് കംപ്ലയിന്റ് അഥോറിറ്റിക്ക് പരാതി നൽകിയിരുന്നു.
കഴിഞ്ഞ ജനുവരി രണ്ടിന് വാഹനാപകടത്തിൽ പരിക്കേറ്റ മാതാവിനൊപ്പം വീടിനു സമീപത്തെ സ്വകാര്യ ആശുപത്രിക്ക് സമീപം നിൽക്കുകയായിരുന്ന ഷാജഹാനെ എസ്ഐ വിളിച്ചുവരുത്തി മറ്റൊരു കേസിന്റെ ജാമ്യം എടുത്തോയെന്ന് പറഞ്ഞ് അസഭ്യ വർഷം ചൊരിയുകയും തുടർന്ന് മറ്റ്പോലീസുകാരും ചേർന്ന് ആൾക്കുട്ടത്തിന്റെ ഇടയിൽ വച്ച് വിവസ്ത്രനാക്കി മർദ്ദിച്ചുവെന്നുമാണ് ഷാജഹാന്റെ പരാതി.
കേസിലെ വാചാ തെളിവുകളും സാഹചര്യതെളിവുകളും പരിശോധിച്ചതിൽ എതിർകക്ഷികളായ മൂന്നുപേർക്കുമെതിരെ വകുപ്പ് തല നടപടിക്ക് ശിപാർശ ചെയ്യുവെന്നും പരാതിക്കാരന് നഷ്ടപരിഹാര തുക മൂന്നുപേരും നൽകണമെന്നും അഥോറിറ്റിയുടെ ഉത്തരവിൽ പറയുന്നു.
കൂടാതെ പരാതിയുടെ പകർപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിക്കും ആഭ്യന്തര വകുപ്പിനും അയക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. പോലീസിനെതിരെ ശക്തമായ നടപടി ഉണ്ടാകുന്നതുവരെ നിയമപോരാട്ടം തുടരുമെന്ന് ഷാജഹാനും അഭിഭാഷകനായ കെ. ഹരി കുമാറും പത്രസമ്മേളനത്തിൽ പറഞ്ഞു.