അഗളി: അട്ടപ്പാടിയിലെ ജനമൈത്രി പോലീസ് മധ്യസ്ഥതയ്ക്കെത്തിയ യുവാവിന്റെ കർണപടം അടിച്ചുതകർത്തതായി പരാതി. അഗളി ഇന്ദിരാ കോളനിയിൽ കരിങ്കല്ലിൽ വീട്ടിൽ സേവ്യറിന്റെ മകൻ ആൽബിൻ (23) ആണ് ഗുരുതരാവസ്ഥയിൽ അഗളി ആശുപത്രിയിൽ ചികിത്സ തേടിയത്. തുടർന്ന് വിദഗ്ധ പരിശോധനകൾക്കായി കോട്ടത്തറ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്കു മാറ്റി. പരിശോധനയിൽ കർണപടത്തിനു ക്ഷതമേറ്റതായി വ്യക്തമായിട്ടുണ്ട്.
ഭാഗികമായി കേൾവി നഷ്ടപ്പെട്ട യുവാവിന് മൂന്നുമാസത്തെ പരിചരണവും നിർദേശിച്ചിട്ടുണ്ട്. തിങ്കളാഴ്ച്ച രാത്രി ഒന്പതു മണിയോടെയാണ് സംഭവം. അയൽപക്കത്തെ വീട്ടുടമ രാജപ്പനും മകനും തമ്മിൽ വഴക്കിട്ട് അടിപിടിയിലെത്തി.
ബഹളം കേട്ട് സേവ്യറും മകൻ ആൽബിനുമെത്തി ഇരുവരെയും പിരിച്ചുവിട്ടു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ അഗളി പോലീസ് രണ്ട് യുവാക്കളെയും ചൂരലിന് അടിച്ചു. താൻ വഴക്കിന് വന്നതല്ലെന്നും പിടിച്ചുമാറ്റുകയാണ് ചെയ്തതെന്നും ആൽബിൻ പറഞ്ഞപ്പോൾ കുപിതനായി അഡീഷണൽ എസ്ഐ ചെവി ചേർത്ത് അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നുവെന്നു യുവാവ് പറഞ്ഞു.