പത്തനംതിട്ട: സഹകരണ ജീവനക്കാരനെ കസ്റ്റഡിയിലെടുത്തു മർദിച്ച സംഭവത്തിൽ കോയിപ്രം പോലീസ് സബ് ഇൻസ്പെക്ടർ എസ്. അനൂപിനെതിരെ കേസെടുക്കാൻ പത്തനംതിട്ട ജുഡിഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.
2021 ഡിസംബർ 20 ന് പുലർച്ചെ നാലിന് സബ് ഇൻസ്പെക്ടർ പുല്ലാട് ചെറിയകത്തു മുറിയിൽ ടി. അനിൽകുമാറിനെ വീട്ടിൽ നിന്നു ഇറക്കിക്കൊണ്ടുപോയി പോലീസ് സ്റ്റേഷനിൽ ക്രൂരമായി മർദിച്ചുവെന്നാണ് കേസ്.
കോയിപ്രം സർവീസ് സഹകരണ ബാങ്കിന്റെ കുമ്പനാട്ടുള്ള നീതി മെഡിക്കൽ സ്റ്റോറിലെ ജീവനക്കാരനാണ് അനിൽ കുമാർ. മർദ്ദനത്തിൽ മുഖത്തും തലയ്ക്കും സാരമായി പരിക്കേറ്റിരുന്നു.
വ്യാജ കേസിൽ ഉൾപ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് ആക്ഷേപം.അനിൽകുമാറിനെ പരിശോധനയ്ക്കായി ഡോക്ടറുടെ സമീപം ഹാജരാക്കിയപ്പോയും തുടർന്ന് മജിസ്ട്രേറ്റ് മുന്പാകെയും അനിൽകുമാർ മർദ്ദന മുറകൾ വിശദീകരിച്ച് മൊഴി നൽകിയിരുന്നു.
പിന്നീട് ജാമ്യത്തിൽ ഇറങ്ങിയ ശേഷം ഇദ്ദേഹം പത്തനംതിട്ട ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തു.
അനിൽകുമാറിന്റെയും ദൃക്സാക്ഷികളുടെയും മൊഴി രേഖപെടുത്തിയ കോടതി സബ് ഇൻസ്പെക്ടറെ പ്രതിയാക്കി കേസെടുക്കാൻ ഉത്തരവിടുകയായിരുന്നു സബ് ഇൻസ്പെക്ടറുടെ പ്രവൃത്തി ഔദ്യോഗിക കൃത്യ നിർവഹണത്തിന്റെ ഭാഗമല്ലെന്ന് മജിസ്ട്രേറ്റ് എൻ.എൻ, സിജി ഉത്തരവിൽ പറഞ്ഞു.