തലശേരി: മെഡിക്കൽ പരിശോധനയ്ക്കായി തലശേരി ജനറൽ ആശുപത്രിയിലെത്തിച്ച പിടിച്ചുപറി കേസിലെ പ്രതിയെ പോലീസിനെ അക്രമിച്ച് മോചിപ്പിക്കാൻ ശ്രമം. പട്ടാപ്പകൽ നടന്ന സംഭവത്തിൽ എസ്ഐക്ക് പരിക്കേറ്റു. കൊലക്കേസ് പ്രതി ഉൾപ്പെടെ ആറ് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം തലശേരി ടൗൺ പോലീസ് കേസെടുത്തു.
അക്രമികളിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
പാനൂർ എലാങ്കോട് മടത്തിൽ വീട്ടിൽ ദിൽഷിത്തിനെയാണ് എസ്ഐ സുരേഷും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളെ തലശേരി ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. എലാങ്കോട് സ്വദേശികളായ കാട്ടി അനൂപ്, ശരത്ത്, ശ്യാംജിത്ത്, ആഷിഖ്, അരുൺ ഭാസ്കർ എന്നിവരാണ് കേസിലെ മറ്റ് പ്രതികളെന്ന് പോലീസ് പറഞ്ഞു.
ഇവരിൽ അരുൺ ഭാസകർ സിപിഎം പ്രവർത്തകൻ പള്ളൂരിലെ കണ്ണിപ്പൊയിൽ ബാബുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. റിമാൻഡിലായിരുന്ന ഇയാൾ ഇപ്പോൾ ജാമ്യത്തിലാണുള്ളത്. അക്രമത്തിൽ പരിക്കേറ്റ പാനൂർ എസ്ഐ സന്തോഷ് കുമാർ തലശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ ഉച്ചയോടെ യാണ് ജനറൽ ആശുപത്രിയിൽ അക്രമം അരങ്ങേറിയത്.
പിടിച്ചുപറി കേസിൽ അറസ്റ്റിലായ എലാങ്കോട് കാട്ടീന്റവിട ആദർശിനെയാണ് എസ്ഐ യുടെ നേതൃത്വത്തിൽ മെഡിക്കൽ പരിശോധനയ്ക്കായി ജനറൽ ആശുപത്രിയിൽ എത്തിച്ചത്.ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തിയ പ്രതിക്ക് പരിക്കേറ്റിരുന്നു. ഡോക്ടറുടെ നിർദ്ദേശപ്രകാരം എക്സറേ എടുക്കാൻ കൊണ്ടു പോയപ്പോഴാണ് ആറംഗ സംഘം എസ്ഐ യെ അക്രമിച്ച് പ്രതിയെ മോചിപ്പിക്കാൻ ശ്രമിച്ചത്. കേസിലെ മറ്റ് പ്രതികൾക്കായി തിരച്ചിൽ നടത്തി വരികയാണെന്ന് പോലീസ് പറഞ്ഞു.