പയ്യന്നൂര്‍: മയക്കുമരുന്നുമായി പിടിയിലായ യുവാവിനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. കരിവെള്ളൂര്‍ അയത്രവയല്‍ സ്വദേശിയും ടൈല്‍സ്-കാറ്ററിംഗ് തൊഴിലാളിയുമായ കിണറ്റുകരയില്‍ അനൂപിന്റെ (38) അച്ഛൻ വടക്കേ വീട്ടില്‍ രാജനാണ് മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയത്.
ഈ മാസം ഏഴിന് പുലര്‍ച്ചെ 4.15 ഓടെയാണ് അനൂപിനെ പിടികൂടിയതെന്നാണ് പോലീസിന്റെ രേഖയിലുള്ളത്. കരിവെളളൂര്‍ ആശുപത്രിക്ക് മുന്‍വശത്തെ റോഡില്‍ കണ്ടെത്തിയ അനൂപിനെയും സുഹൃത്തിനെയും പരിശോധിക്കുകയും നിരോധിത മയക്കുമരുന്നായ രണ്ടു ഗ്രാം എംഡിഎംഎ ഇവരില്‍ നിന്നും പിടികൂടിയതായുമാണ് പയ്യന്നൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വിവരിക്കുന്നത്.
ഇവര്‍ സഞ്ചരിച്ചിരുന്ന മാരുതി സുസൂക്കി എര്‍ട്ടിഗ കാറും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പോലീസ് ഹാജരാക്കിയ ഇരുവരെയും കോടതി റിമാൻഡ് ചെയ്തിരുന്നു.
സ്റ്റേഷനിലെത്തിയപ്പോഴാണ്എന്നാല്, ആറിന് വൈകുന്നേരം അനൂപിനെയും സുഹൃത്തിനെയും പയ്യന്നൂര്‍ പോലീസ് കരിവെള്ളൂര്‍ ടൗണില്‍നിന്നും ബലം പ്രയോഗിച്ച് ജീപ്പില്‍ കയറ്റി കൊണ്ടുപോയെന്നും രാത്രിയില്‍ മകനെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് സാധിച്ചില്ലെന്നും അച്ഛൻ നല്കിയ പരാതിയിലുണ്ട്.
പോലീസ് കൊണ്ടുപോയെന്ന വിവരമറിഞ്ഞ് പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് ഇരുവരും കേസില്‍ കുടുങ്ങിയതായും മകന് അനൂപിനെ ചികിത്സയ്ക്കായി കൊണ്ടുപോയതായും അറിഞ്ഞത്.
ജയിലിലെത്തി അന്വേഷിച്ചതില്‍നിന്നും മെഡിക്കല്‍ കോളജില്‍ കൊണ്ടുപോയെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയിട്ടും മകനെ കണ്ടെത്താനായില്ല.
ഒടുവില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലെത്തിയപ്പോള്‍ ശാരീരികമായി തകര്‍ന്ന അവസ്ഥയിലാണ് മകനെ കണ്ടെത്തിയത്.
വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന്
രാത്രി മുഴുവന്‍ പയ്യന്നൂര്‍ പോലീസ് സ്റ്റേഷനില്‍നിന്നും ക്രുരമായ മര്‍ദ്ദനമേറ്റ് ശരീരത്തിലെ മുഴുവന്‍ ഭാഗങ്ങളിലും പരിക്കേറ്റ വിവരം മകന് പറഞ്ഞാണ് അറിഞ്ഞത്.
മജിസ്ട്രേറ്റിനോട് ഇക്കാര്യങ്ങള്‍ പറഞ്ഞാല്‍ ജീവിതകാലം മുഴുവന്‍ ജയിലില്‍ കിടക്കേണ്ട കേസുകള്‍ തലയില്‍ കെട്ടിവയ്ക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയിലുണ്ട്.
പോലീസിന്റെ പീഡനത്തില്‍ കഠിനമായ ശാരീരിക പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ മകന് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നും കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് പരാതിയിലുള്ളത്.
ഈ പരാതിയിലാണ് ജില്ലാ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി വി.രമേശന്റെ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചത്.
അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ പരാതിക്കാരനില്‍നിന്നും പ്രാഥമിക കാര്യങ്ങള്‍ സംഘം ചോദിച്ചറിഞ്ഞു.
ജയിലിൽ…
ജയിലിലെത്തിയ ശേഷം മൂന്നു ദിവസത്തോളം ഭക്ഷണവും വെള്ളവും കഴിക്കാനോ മലമൂത്ര വിസര്‍ജനം നടത്താനോ ആയില്ലെന്ന് മകനില്‍ നിന്നറിഞ്ഞതായി അച്ഛൻ രാജന് രാഷ്ട്രദീപികയേട് പറഞ്ഞു.
മകന് തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ നിയമം അനുശാസിക്കുന്ന രീതിയില്‍ ശിക്ഷിച്ചോട്ടെയെന്നും രാജന് പറഞ്ഞു.