പാലോട് : രോഗിയായ ഓട്ടോ തൊഴിലാളിയെ പോലീസ് ക്രൂരമായി മർദിച്ചതായി പരാതി. പെരിങ്ങമ്മല ഗാർഡ് സ്റ്റേഷൻ കുണ്ടറപ്പൻകാട് ഷാൻ മൻസിലിൽ സലി (46 ) മിനാണ് മർദനമേറ്റത്. ഇന്നലെ രാവിലെയാണ് സംഭവം. രാവിലെ ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സലിമിനെ കാട്ടിലക്കുഴിയിൽ വച്ച് പോലീസ് പിടികൂടി മർദിക്കുകയായിരുന്നുവെന്നാണ് പരാതി.
പോലീസ് കൈകാണിച്ചിട്ട് നിർത്തിയില്ലെന്നാരോപിച്ചായിരുന്നു തല്ലിയത്. മൂന്നു പോലീസുകാരുടെ നേതൃത്വത്തിൽ വലിച്ചിഴച്ച് സ്റ്റേഷനിലെത്തിച്ചും മർദിച്ചു. ബൂട്ടിട്ട് നാഭിക്ക് തൊഴിക്കുകയും ലാത്തിക്ക് നടുവിന് അടി ക്കുകയും ചെയ്തതായി പറയുന്നു. അടിയേറ്റ് കാലിന്റെ ഉൾഭാഗത്തും പരിക്കുണ്ട്. ബോധരഹിതനായി നിലത്തു വീഴുന്നതു വരെ മർദിച്ചു.
സംഭവമറിഞ്ഞ് സ്റ്റേഷനിലോടിയെത്തിയ സലീ മിന്റെ ഭാര്യ അബോധാവസ്ഥയിൽ കിടക്കുന്ന സലിമിനെ കണ്ട് നിലവിളിച്ചു. ഇതു കേട്ട് നാട്ടുകാരും ഓട്ടോതൊഴിലാളികളും ഓടിയെത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു ഉൾപ്പെടെയുള്ള ജനപ്രതിനിധികളും സ്റ്റേഷനിലെത്തി. ശേഷമാണ് അബോധാവസ്ഥയിലായ സലിമിനെ പാലോട് സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. നിരവധി ആരോഗ്യ പ്രശ്നങ്ങളുള്ള സലിമിന് രണ്ടു തവണ ഹൃദയാഘാതം വന്നിട്ടുള്ളതായി ബന്ധുക്കൾ പറഞ്ഞു. രോഗിയായ സലിമിനെ മർദിച്ച പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.