കോഴിക്കോട്: ആദിവാസി വിദ്യാർഥിയെ പോലീസ് ക്രൂരമായി തല്ലിച്ചതച്ചതായി പരാതി. കോഴിക്കോട് കാട്ടാങ്ങലിലാണ് സംഭവം.
അമ്മാവനുമായി വഴക്കിട്ടെന്ന പേരിലാണ് കുന്ദമംഗലം എസ്ഐയുടെ നേതൃത്വത്തിലുളള സംഘം തന്നെ ക്രൂരമായി മര്‍ദിച്ചതെന്ന് ഒമ്പതാം ക്ലാസ് വിദ്യാർഥി പറഞ്ഞു.
കാട്ടാങ്ങലിലെ അമ്മ വീട്ടിൽവച്ച് അമ്മാവനുമായി വഴക്കിട്ടുവെന്ന പേരിൽ കുന്ദമംഗലം സ്റ്റേഷനില്‍ നിന്നെത്തിയ എസ്ഐയും രണ്ട് പോലീസുകാരും തന്നെ മർദിച്ചെന്നാണ് പട്ടികവര്‍ഗ വിഭാഗക്കാരനായ ഒമ്പതാം ക്ലാസ് വിദ്യാര്ഥുയുടെ പരാതി.
ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സംഭവം. മാതാപിതാക്കള്‍ ജോലി സ്ഥലത്തായിരുന്നതിനാല്‍ അമ്മവീട്ടിലായിരുന്നു കുട്ടി കുറച്ചു നാളായി താമസിച്ചിരുന്നത്.
സ്കൂളിൽ നിന്ന് പരീക്ഷ കഴിഞ്ഞ് എത്തിയപ്പോൾ വൈകിയെന്ന പേരിൽ അമ്മാവൻ കുട്ടിയെ കൈകാര്യം ചെയ്യുകയായിരുന്നുവെന്ന് കുട്ടിയുടെ അച്ഛൻ പറയുന്നു.
കുട്ടി മർദനം ചെറുക്കാൻ ശ്രമിച്ചപ്പോൾ ഇരുവരും തമ്മിൽ തർക്കം രൂക്ഷമാവുകയായിരുന്നു. തുടർന്ന് പ്രശ്നപരിഹാരത്തിനായി ബന്ധുക്കള്‍ കുന്ദമംഗലം പോലീസില്‍ വിവരം അറിയിച്ചു.
എന്നാല്‍ സ്ഥലത്തെത്തിയ പോലീസ് കഞ്ചാവ് ഉപയോഗിച്ചിട്ടുണ്ടോ എന്ന് ചോദിച്ച് മകനെ മര്‍ദിക്കുകയുമായിരുന്നെന്ന് പിതാവ് പറയുന്നു.
ആദ്യം എസ്ഐയും പിന്നീട് കൂടെ ഉണ്ടായിരുന്ന പോലീസുകാരും മര്‍ദിച്ചുവെന്ന് കുട്ടി പറയുന്നു. മര്‍ദനത്തില്‍ കുട്ടിയുടെ തലയ്ക്കും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും പരിക്കേറ്റുവെന്നും മര്‍ദിച്ച പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും കാട്ടി പിതാവ് ചൈല്‍ഡ് ലൈനിലും പട്ടികവര്‍ഗ്ഗ വകുപ്പിലും പരാതി നല്കി.
തുടര്‍ന്ന് കുന്ദമംഗംലം ഇന്‍സ്പെക്ടര്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി താമരശേരി ഡിവൈഎസ്പി അറിയിച്ചു.