കോഴിക്കോട്: വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് കാറിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയോടും കുടുംബത്തോടും മോശമായി പെരുമാറുകയും കൈയേറ്റം ചെയ്യുകയും ചെയ്ത സംഭവത്തില്‍ ഗ്രേഡ് എസ്ഐയ്ക്ക് സസ്പെന്ഷന്.
കോഴിക്കോട് നടക്കാവ് സ്റ്റേഷന് എസ്ഐ വിനോദ്കുമാറിനെയാണ് അന്വേഷണവിധേയമായി പോലീസ് കമ്മീഷണര്‍ സസ്പെന്‍ഡ് ചെയ്തത്.
പ്രാഥമിക അന്വേഷണത്തില്‍ എസ്ഐയുടെ ഭാഗത്തുനിന്നു വീഴ്ച കണ്ടെത്തിയതിനെതുടര്‍ന്നാണ് നടപടി. സംഭവസമയത്ത് എസ്ഐക്കൊപ്പമുണ്ടായിരുന്ന നാല് പോലീസുകാര്‍ക്കെതിരേയും അന്വേഷണം നടത്തുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.
കോഴിക്കോട് അത്തോളി സ്വദേശിനി അഫ്ന അബ്ദുൾ നാഫിക്കിനും കുടുംബത്തിനുമാണ് ദുരനുഭവമുണ്ടായത്. ഞായറാഴ്ച പുലർച്ചെ കൊളത്തൂർ ചീക്കിലോട് എന്ന സ്ഥലത്തുവച്ചായിരുന്നു സംഭവം.
ഒരു കുടുംബ പരിപാടിയിൽ പങ്കെടുത്ത ശേഷം മുക്കത്തുനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു പരാതിക്കാരി. വാഹനത്തിനു സൈഡ് കൊടുത്തില്ലെന്നാരോപിച്ച് എതിരേ വന്ന വാഹനത്തിലെ യുവാക്കളാണ് വഴക്കുണ്ടാക്കിയത്.
പോലീസിനെ വിളിക്കുമെന്ന് യുവതി പറഞ്ഞപ്പോള്‍ യുവാക്കൾ തന്നെ പോലീസിനെ വിളിച്ചുവെന്നും അതുപ്രകാരമാണ് നടക്കാവ് എസ്ഐ വിനോദ് സ്ഥലത്തെത്തിയതെന്നും യുവതി പറഞ്ഞു.
എസ്ഐ തന്റെ നാഭിയിൽ തൊഴിക്കുകയും കൈയിൽ കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. ഭർത്താവിനെയും 11 വയസുള്ള കുട്ടിയെയും മർദിച്ചു. പോലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ചിരുന്നതായും യുവതി ആരോപിച്ചു.
സംഭവത്തിൽ കാക്കൂർ പോലീസ് കേസെടുത്തു. തുടര്‍ന്ന് സ്ഥലത്തെത്തിയ കാക്കൂര്‍ പോലീസ് സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് എസ്ഐക്കെതിരേ കേസ് എടുക്കുകയായിരുന്നു.
എസ്ഐക്കൊപ്പമുണ്ടായിരുന്ന നാലുപോലീസുകാര്ക്കെതിരേയും കേസുണ്ട്. ഇവരുടെ വിശദമായ മൊഴി രേഖപ്പെടുത്തിയശേഷമായിരിക്കും തുടര്‍ നടപടികള്‍.