കട്ടപ്പന: യുവാൾക്കൾക്കെതിരേ കള്ളക്കേസെടുത്ത് മർദിച്ച കേസിൽ എസ്ഐയെയും സിപിഒ യും സസ്പെൻഡു ചെയ്തു.കട്ടപ്പന എസ്എച്ച്ഒ മനു ജോൺ, എസ്ഐ സുനേക് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഏപ്രിൽ 25നു രാത്രിയാണ് സംഭ വം.വാഹനപരിശോധനയ്ക്കിടെ ബൈക്കുകളിൽ എത്തിയ ആസിഫും ഒപ്പമുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത രണ്ട് യുവാക്കളും ചേർന്ന് സിപിഒ മനു ജോണിനെ ഇടിച്ചു തെറിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ചു എന്നാണ് കേസ്.
എന്നാൽ, കേസ് വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ കട്ടപ്പന എസ്ഐ കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് ആസിഫിന്റെ മാതാവ് പരാതി നൽകി. കള്ളക്കേസ് എടുത്ത് അറസ്റ്റ് ചെയ്ത ആസിഫിനെ സ്റ്റേഷനിൽ എത്തിച്ച് അതിക്രൂരമായി മർദിച്ചെന്ന് വ്യക്തമാകുന്ന ആസിഫിന് ഒപ്പമുണ്ടായിരുന്ന പതിനേഴുകാരന്റെ ഫോൺ സംഭാഷണവും ഇതിനിടെ പുറത്ത് വന്നിരുന്നു.
ഇരട്ടയാറിൽ ബൈക്കിൽ സഞ്ചരിച്ചപ്പോൾ പിന്തുടർന്ന് വന്നാണ് പോലീസ് പിടികൂടിയതെന്നും ഭയന്ന് ബൈക്ക് ഉപേക്ഷിച്ചു ഓടിയപ്പോൾ പിന്നാലെ ഓടി വന്ന സിപിഒ മനു നിലത്തു വീണ് പരിക്കേൽക്കുകയായിരുന്നെന്നും കേസിൽ അകപ്പെട്ട പതിനേഴുകാരൻ മൊഴി നൽകിയിരുന്നു.
സംഭവത്തിൽ നേരിട്ടത് അതിക്രൂരമായ പോലീസ് മർദനമാണെന്ന് പതിനെട്ടുകാരൻ പറയുന്നു. കേസിൽ അറസ്റ്റിലായ പുളിയന്മല സ്വദേശി മടുകോലിപ്പറമ്പിൽ ആസിഫ് ആണ് മർദന വിവരം വെളിപ്പെടുത്തിയത്. സംഭവ ദിവസം കൂട്ടുകാരനെ കൊണ്ടുവിടുന്നതിനായി രണ്ടു ബൈക്കുകളിലായി തങ്ങൾ നാലുപേർ വരികയായിരുന്നു.
ഈ സമയം പിന്നാലെ എത്തിയ വാഹനം ലൈറ്റിട്ടു കാണിച്ചപ്പോൾ മറ്റു ബൈക്കിലുള്ളവരോട് വർത്തമാനം പറഞ്ഞ് വന്നിരുന്ന ആസിഫും സുഹൃത്തും ഇരട്ടയാറ്റിൽ കാണാമെന്ന് പറഞ്ഞ് മുന്നോട്ടു പോയി. ഇത് പോലീസ് ജീപ്പാണെന്ന് അറിഞ്ഞിരുന്നില്ല. പിന്നാലെ വന്ന കൂട്ടുകാരനെ കാണാത്തതിനാൽ തിരികെ അന്വേഷിച്ചു ചെന്നു.
പഴയ സ്ഥലത്തിറങ്ങി നടന്നു ചെല്ലുമ്പോൾ മനു എന്ന പോലീസുകാരൻ തലമുടിക്ക് പിടിച്ച് വലിച്ചിഴച്ച് പോലീസ് വാഹനത്തിനരികിലെത്തിച്ചു. തള്ളി അകത്തേക്കിട്ടപ്പോൾ സുഹൃത്ത് അതിനകത്തിരുന്ന് കരയുന്നതാണ് കാണുന്നത്. പോലീസ് സ്റ്റേഷന് മുന്നിലെത്തിച്ചപ്പോൾ എസ്ഐ കരണത്ത് അടിച്ചാണ് അകത്തു കയറ്റിയത്.
പിന്നീട് ഫയൽ റൂമിലെത്തിച്ച് എസ്ഐയും സിപിഒ മനുവിന്റെയും നേതൃത്വത്തിൽ അതിക്രൂരമായി മർദിച്ചു. എസ്ഐ നടുവിന് ഇടിച്ചിട്ട് രണ്ടു കാലുകൾക്കിടയിലിട്ട് ഞെരുക്കി പുറത്ത് അതിക്രൂരമായി മർദിച്ചു. നിലത്ത് വീണുകിടന്ന തന്നെ സിപിഒ മനു ചവിട്ടി. തുടർന്ന് വസ്ത്രങ്ങൾ അഴിച്ചുമാറ്റി പുറത്തിരുത്തി. കുറച്ചു സമയത്തിനു ശേഷം വസ്ത്രം ധരിക്കാൻ നൽകി.
കഴിഞ്ഞ തവണ നീ ബൈക്ക് പുറത്തിറക്കി രക്ഷപ്പെട്ടു, ഇത്തവണ അതൊന്ന് കാണണം എന്നു പറഞ്ഞായിരുന്നു ക്രൂരമർദനമെന്ന് ആസിഫ് പറഞ്ഞു. സംഭവത്തെ തുടർന്ന് ആസിഫിന്റെ മാതാവ് ഷാമില മുഖ്യമന്ത്രിക്ക് അടക്കം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടിക്കും അന്വേഷണത്തിനും ഉത്തരവായത്. ;;