വൈക്കം: തോട്ടാറമിറ്റം ക്ഷേത്രത്തിൽ ഉത്സവത്തിനിടയിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ പോലീസിനെ ആക്രമിക്കുകയും പോലീസ് ജീപ്പിനു കേടുവരുത്തുകയും ചെയ്ത സംഭവത്തിൽ പ്രതികൾക്കായി പോലീസ് അന്വേഷണം ഉൗർജിതമാക്കി. പോലീസിനെ ആക്രമിച്ച സംഭവത്തിൽ പത്തുപേർക്കെതിരേയും ജീപ്പിന് കേടുവരുത്തിയതിന് രണ്ടുപേർക്കുമടക്കം 12 പേർക്കെതെരിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ചില്ല് ഉൾപ്പെടെ തകർന്ന പോലീസ് ജീപ്പിന് ആറായിരത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് തദ്ദേശവാസികളായ മണിയന്തറ അംബു(28), തേനാംവേലി മനു (26), നിധിൻ (23) എന്നിവരെ പോലീസ് പിടികൂടിയിരുന്നു. മറ്റുള്ളവർ ഒളിവിലാണ്. പ്രതികളെയെല്ലാം പോലീസ് തിരിച്ചറിഞ്ഞതായും ഇവരെ ഉടൻ പിടികൂടുമെന്നും എസ്.ഐ. എം. സാഹിൽ അറിയിച്ചു.
ചൊവ്വാഴ്ച രാത്രി ഉത്സവത്തിനിടയിൽ മദ്യലഹരിയിൽ ഒരു സംഘം യുവാക്കൾ മണ്ണുവാരി ഉത്സവത്തിനെത്തിയവരുടെ ദേഹത്തേക്ക് എറിഞ്ഞതാണ് സംഘർഷത്തിന് കാരണമെന്ന് പോലീസ് പറയുന്നു. അക്രമികളെ തടയാനെത്തിയ പോലീസ് പ്രശ്നമുണ്ടാക്കിയവരിൽ രണ്ടുപേരെ കൊണ്ടുപോകാർ ശ്രമിച്ചതിൽ പ്രകോപിതരായ ഇവരുടെ സുഹൃത്തുകൾ പോലീസിനെ ആക്രമിക്കുകയും ജീപ്പിന് കേടുവരുത്തുകയും ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.വൈക്കത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്ഷേത്രങ്ങളിൽ ഉത്സവം നടക്കുകയാണ്.
പല സ്ഥലങ്ങളിലും ഉത്സവത്തിനിടയിൽ സാമൂഹ്യവിരുദ്ധർ സംഘർമുണ്ടാക്കുക പതിവാണെങ്കിലും പോലീസിന്റെ എണ്ണക്കുറവ് ഫലപ്രദമായ ഇടപെടലിന് തടസമാവുകയാണ്. ഉത്സവകാലത്ത് കൂടുതൽ സേനാംഗങ്ങളുടെ സേവനം ഉറപ്പാക്കാൻ ഉന്നത അധികൃതർ നടപടി സ്വീകരിക്കണെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.