തൃശൂർ: നാലുവർഷം മുന്‍പത്തെ പണമിടപാടിന്റെ പേരിൽ ഇല്ലാത്ത കടം കൊടുത്തുതീർക്കാൻ ആവശ്യപ്പെട്ട് അന്തിക്കാട് എസ്ഐ ക്രൂരമായി മർദിച്ചതായും ഭീഷണിപ്പെടുത്തി ചെക്ക് ഒപ്പിട്ടു വാങ്ങിയതായും വ്യാപാരിയുടെ പരാതി.
പെരിങ്ങോട്ടുകര സെന്ററിലെ മിനി ഹാർഡ്വെയേഴ്സ് ഉടമ കെ.വി.ബൈജുവിനാണ് ഇക്കഴിഞ്ഞ 18നു സ്റ്റേഷനിൽ മർദനമേറ്റത്.
2015ൽ കടയിലേക്കു സ്റ്റോക്ക് എടുത്തതിനു 28,500 രൂപ കടമുണ്ടെന്ന് ആരോപിച്ച് പൊൻകുന്നത്തെ ഒരു പെയിന്റ് വിൽപനശാല ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എസ്ഐ സ്റ്റേഷനിലേക്കു വിളിപ്പിച്ചത്. പണം കൊടുക്കാനുണ്ടോ എന്ന ചോദ്യത്തിനു കൊടുത്തു തീർത്തതാണെന്നു മറുപടിപറഞ്ഞ തന്നെ അസഭ്യം പറഞ്ഞ് ക്രൂരമായി മർദ്ദിക്കുകയും ഭീഷണിപ്പെടുത്തി കടയിൽനിന്നു ചെക്ക് എടുപ്പിച്ച് ഒപ്പിടിച്ചുവാങ്ങുകയും ചെയ്തെന്നാണു ബൈജുവിന്റെ പരാതി.
മർദനമേറ്റ് കലശലായ ശരീരവേദനയും മൂത്രമൊഴിക്കാൻ പ്രയാസവും അനുഭവപ്പെട്ട് തൃശൂർ അശ്വനി ആശുപത്രിയിൽ പ്രവേശിച്ച തന്നെ മൂന്നു ദിവസങ്ങൾക്കുശേഷമാണ് ഡിസ്ചാർജ് ചെയ്തത്. സിവിൽ കേസുകളിലോ, പണമിടപാടു പരാതികളിലോ പോലീസ് ഇടപെടാൻ പാടില്ലെന്ന സർക്കാർ ഉത്തരവു നിലനിൽക്കെ അധികാര ദുർവിനിയോഗം നടത്തിയ എസ്ഐക്കെതിരെ മനുഷ്യാവകാശ കമ്മീഷനും ഡിജിപിക്കും ഇരിങ്ങാലക്കുട ഡിവൈഎസ്പിക്കും പരാതി നൽകിയതായി നേർവഴി മനുഷ്യാവകാശ സംരക്ഷണ സമിതി സെക്രട്ടറി ടി.കെ.നവീനചന്ദ്രൻ, കെ.വി.ബൈജു, പി.എസ്.ഷൈൻ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.