കായംകുളം: വീടിന്റെ വാതിൽ ചവിട്ടി പ്പൊളിച്ച് യൂത്ത് കോൺഗ്രസ് നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തതായി പരാതി. ഇന്നു പുലർച്ചെയാണ് സംഭവം.പോലീസ് നടപടിക്കെതിരേ കായംകുളത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം ശക്തമായി.പോലീസ് സ്റ്റേഷൻ മാർച്ചുൾപ്പെടെയുള്ള പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം.
യൂത്ത് കോൺഗ്രസ് നോർത്ത് മണ്ഡലം പ്രസിഡന്റ് റിയാസ് മുണ്ടകത്തിൽ, യൂത്ത് കോൺഗ്രസ് നേതാവ് ഹാഷിം സേട്ട് എന്നിവരുടെ വീടുകളിലാണ് പോലീസ് അതിക്രമം കാട്ടിയതായി പരാതി ഉയർന്നിരിക്കുന്നത്. ഇതിൽ ഹാഷിം സേട്ടിന്റെ വീടിന്റെ വാതിൽ പോലീസ് ചവിട്ടി പൊളിച്ചെന്നും അറസ്റ്റ് ചെയ്ത ഹാഷിമിനെ പോലീസ് മർദിച്ചതായും പരാതിയുണ്ട്.
കായംകുളം ദേശീയ പാതയിൽ പില്ലർ എലിവേറ്റഡ് ഹൈവേ ആവശ്യവുമായി യൂത്ത് കോൺഗ്രസ് നിരാഹാര സമരം നടത്തിവരികയാണ്.സമരപന്തലിലേക്ക് ഇന്നലെ സന്ധ്യക്ക് പ്രകടനമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് തടയാൻ ശ്രമിച്ചത് സംഘർഷത്തിന് ഇടയാക്കിയിരുന്നു.തുടർന്ന് പ്രവർത്തകർക്കു നേരേ പോലീസ് ലാത്തിവീശി.നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു.
സംഘർഷത്തിനിടെ പോലീസുകാരെ ആക്രമിച്ചു എന്ന പേരിലാണ് ഇന്നു പുലർച്ചെ മഫ്തിയിൽ എത്തിയ പോലീസ് സംഘം അതിക്രമം കാട്ടിയതായി പരാതി ഉയർന്നിരിക്കുന്നത്.യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബു, സുറുമി ശാഹുൽ, വിശാഖ് പത്തിയൂർ തുടങ്ങിയ കണ്ടാലറിയാവുന്ന ഇരുപത്തഞ്ചോളം പേർക്കെതിരെ പോലീസ് ജാമ്യം ഇല്ല വകുപ്പുകൾ ചേർത്ത് കേസും എടുത്തിട്ടുണ്ട്