പത്തനംതിട്ട: പോലീസുകാരന് വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന പരാതി നല്കിയ യുവതിയെ തന്നെ വിവാഹം ചെയ്തു കേസ് ഒത്തുതീര്‍പ്പിലെത്തിച്ചു.
പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ കഴിഞ്ഞയാഴ്ച യുവതി പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്കു നല്കിയ പരാതിയില്‍ കേസെടുത്തിരുന്നു.
കേസുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുന്നതിനിടെ സിവില്‍ പോലീസ് ഓഫീസര്‍ പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ സമ്മതമാണെന്ന് അറിയിക്കുകയായിരുന്നു.
ബന്ധുക്കള്‍ ഇക്കാര്യം പെണ്‍കുട്ടിയെ അറിയിക്കുകയും അഭിഭാഷകന് മുഖേന ചര്‍ച്ച നടത്തുകയും ചെയ്തു. വെള്ളിയാഴ്ച വിവാഹം കഴിച്ചു. തുടര്‍ന്നു യുവതി പരാതി പിന്‍വലിക്കാന്‍ സമ്മതിക്കുകയായിരുന്നു.
ഏതായാലും പോലീസിന് തന്നെ മാനക്കേടുണ്ടാക്കിയ ഒരു കേസ് അവസാനിച്ചതിന്റെ ആശ്വാസത്തിലാണ് ഉദ്യോഗസ്ഥര്‍.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിക്കുകയും സ്വര്‍ണവും പണവും തട്ടിയെടുത്തുവെന്നായിരുന്നു പരാതി.
ഇതിനിടെ മേയ് 19നു ഇയാളെ കാണാതായിരുന്നു. ഇതു സംബന്ധിച്ച് പത്തനംതിട്ട പോലീസില്‍ ഇയാളുടെ മാതാവ് പരാതി നല്കി.
കാണാതായ അരുണ്‍ദേവിനെ കോന്നിയില്‍ നിന്നു തന്നെ കണ്ടെത്തി തിരികെ കൊണ്ടുവരികയും ചെയ്തു. അരുണ്‍ദേവ് വിവാഹവാഗ്ദാനത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നുവെന്ന സംശയത്തിലാണ് യുവതി പരാതി നല്‍കിയത്.
1,73,800 രൂപയും അരപവന്‍ മാല, കമ്മല്‍ എന്നിവ വിവിധ സമയങ്ങളിലായി കൈവശപ്പെടുത്തിയതായും പരാതിപ്പെട്ടിരുന്നു.