തൃശൂർ: മാസ്കില്ലാത്തവർ സൂക്ഷിക്കുക, കോവിഡ് ഭീതി മാത്രമല്ല പോക്കറ്റും കാലിയാകും. മാസ്കില്ലാത്തവരെ പിടികൂടി 500 രൂപ പിഴ ഈടാക്കാൻ പോലീസിന് കർശന നിർദ്ദേശം നൽകി.
ഓരോ പോലീസ് സ്റ്റേഷനിലും ചുരുങ്ങിയത് ഒരു ദിവസം മാസ്ക് ധരിക്കാത്ത 100 പേരെ പിടികൂടണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
സിറ്റി പോലീസിലെ 24 പോലീസ് സ്റ്റേഷനുകളിൽ നിന്നായി 12 ലക്ഷം രൂപ ഒരു ദിവസം പിരിച്ചെടുക്കണമെന്നാണ് രാവിലെ സിറ്റി പോലീസ് കമ്മീഷർ ആർ. ആദിത്യ ഉത്തരവിട്ടിരിക്കുന്നത്.
മാസ്കില്ലാതെ എവിടെ നിൽക്കുന്നവരായാലും ബസിലോ, കാറിലോ, ബൈക്കിലോ യാത്ര ചെയ്യുന്നവരായാലും പിടികൂടണമെന്നാണ് ഉത്തരവ്.
നിർദ്ദേശം വന്നതോടെ രാവിലെ തന്നെ പോലീസുകാർ മാസ്കില്ലാത്തവരെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ്. മാസ്കിന്റെ പേരിലും ടാർജറ്റ് നൽകിയത് പോലീസുകാർക്കിടയിലും പ്രതിഷേധം ഉയർത്തുന്നുണ്ട്.
തെരഞ്ഞെടുപ്പ് സമയങ്ങളിൽ രാഷ്ട്രീയ യോഗങ്ങൾക്ക് യാതൊരു നിയന്ത്രണവുമില്ലാതെ അനുമതി നൽകിയതിനുശേഷം പൊതുജനങ്ങളെ പെരുവഴിയിലാക്കുന്ന നടപടിക്കെതിരെ പൊതുസമൂഹത്തിലും പ്രതിഷേധം ഉയരുന്നുണ്ട്.
കമ്മീഷണർ നേരിട്ടു തന്നെ ഇന്നു രാവിലെ തൃശൂർ ശക്തൻമാർക്കറ്റുകളിലും മറ്റു പരിസരങ്ങളിലും പരിശോധന നടത്തി.
സിറ്റി പോലീസ് പരിധിയിലും ജില്ലയിലും പോലീസുകാർ എല്ലാ കടകളിലും ഹോട്ടലുകളിലും കയറി പരിശോധനയും നിർദ്ദേശങ്ങളും നൽകി.
ബസുകളിൽ നിന്ന് യാത്ര ചെയ്യുന്നത് അനുവദിക്കില്ലെന്നും ലംഘിച്ചാൽ കേസെടുക്കുമെന്നുമാണ് പോലീസ് അറിയിച്ചിരിക്കുന്നത്.
ഇതോടെ നിലവിൽ തന്നെ നഷ്ടത്തിൽ ഓടുന്ന ബസ് സർവീസുകളിൽ പലതും വീണ്ടും നിർത്തിവയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്.
ലോക്ഡൗണിന് സമാനമായ രീതിയിൽ കർശന നിർദ്ദേശങ്ങളും നടപടികളും വ്യാപാരികളിലും ്പ്രതിഷേധം ഉയർത്തുന്നുണ്ട്.