തളിപ്പറമ്പ്: പോലീസിന്റെ ജാതിയും മതവും പോലീസ് തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.മാങ്ങാട്ടുപറന്പ് കെഎപി നാലാം ബറ്റാലിയനിൽ പരിശീലനം പൂർത്തിയാക്കിയ 847 സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മതനിരപേക്ഷത തകർത്ത് പോലീസിന്റെ കാര്യക്ഷമതയെ നശിപ്പിക്കാൻ ശ്രമിക്കുന്നവരെ കരുതിയിരിക്കണം. മതനിരപേക്ഷതയെ ആപത്തായി കാണുന്നവർ അതിനെ തകർക്കാൻ ശ്രമിക്കുന്നു. പോലീസിനെ ജാതി-മത പേര് പറഞ്ഞ് ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു.
കേരളത്തിൽ മതനിരപേക്ഷത തകർക്കാൻ ശ്രമിക്കുന്നത് ഗൗരവകരമായി കാണുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിനെ അളക്കുകയും വിലയിരുത്തുകയും ചെയ്യുന്നത് പോലീസിന്റെ പ്രവർത്തനത്തിലൂടെയാണ്. മുൻ കാലത്ത് അടിസ്ഥാന യോഗ്യതയുള്ളവരാണ് മഹാ ഭൂരിപക്ഷവും പോലീസിലെത്താറുള്ളത്. ഇപ്പോൾ അതിൽ വലിയ മാറ്റം വന്നിരിക്കുകയാണ്.
ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർ പോലീസിന്റെ ഭാഗമാകുന്നു. സ്വാഭാവികമായും പോലീസിന്റെ മുഖച്ഛായ ഇത് മാറ്റും. സേനയുടെ ഉന്നമനത്തിനും ഇത് ഉപകരിക്കും. നാം മതനിരപേക്ഷ രാഷ്ട്രമാണെന്ന് ഭരണഘടന തന്നെ അംഗീകരിച്ചതാണ്. ചിലർക്ക് അതംഗീകരിക്കാൻ പ്രയാസമാണ്. അതിനാലവർ ഭരണഘടനയെ തന്നെ തള്ളിപ്പറയുന്നു.
മതനിരപേക്ഷതയെ തകർക്കൻ ചില ഘട്ടത്തിൽ ചില നിക്ഷിപ്ത താത്പര്യക്കാർ ജാതിയെയും മതത്തെയും ഉപയോഗിക്കുന്നു. അതിനെതിരെ വിട്ടുവീഴ്ച ചെയ്യാനാവില്ല. അതിനെ ചെറുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അത് പ്രായോഗികമായി നടപ്പിലാക്കാൻ മറ്റാരെക്കാളും ഉത്തരവാദിത്വം പോലീസിനാണ്. ഇക്കാര്യത്തിൽ പോലീസ് മാതൃകാപരമാണ്.
അഭിനന്ദനങ്ങളുടെ കൂടെയുള്ള ഒറ്റപ്പെട്ട എതിർശബ്ദങ്ങൾ മതനിരപേക്ഷത തകർക്കാനാഗ്രഹിക്കുന്നവരുടേതാണെന്നും പിണറായി വിജയൻ പറഞ്ഞു.ചടങ്ങിൽ മന്ത്രിമാരായ ഇ.പി. ജയരാജൻ, കടന്നപ്പള്ളി രാമചന്ദ്രൻ, പി.കെ. ശ്രീമതി എംപി, എംഎൽഎമാരായ ജയിംസ് മാത്യു എംഎൽഎ, ടി.വി. രാജേഷ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, വൈസ് പ്രസിഡന്റ് പി.പി. ദിവ്യ, ആന്തൂർ നഗരസഭ ചെയർപേഴ്സൺ പി.കെ. ശ്യാമള, ഡിജിപി ലോക്നാഥ് ബഹ്റ, എഡിജിപി അനന്തകൃഷ്ണൻ, ജില്ലാ പോലീസ് മേധാവി ജി. ശിവവിക്രം, സായുധ സേനാ വിഭാഗം ഐജി ഇ.ജെ. ജയരാജൻ, കെഎപി കമാൻഡന്റ് സഞ്ജയ് കുമാർ ഗുരുഡിൻ, സായുധ സേന വിഭാഗം ഡിഐജി ഷെഫിൻ അഹമ്മദ് എന്നിവർ സന്നിഹിതരായിരുന്നു.