പത്തനാപുരം : വാഹന പരിശോധനയ്ക്കിടെ കളഞ്ഞ് കിട്ടിയ പണം ഉടമയെ കണ്ടെത്തി തിരികെ നല്കി പോലീസുകാർ മാതൃകയായി.പത്തനാപുരം നഗരത്തില്‍ നിന്ന് കഴിഞ്ഞ ദിവസം രാവിലെയാണ് റൂറല്‍ പോലീസിലെ വാഹന പരിശോധനാ സംഘത്തിന് മുപ്പത്തിരണ്ടായിരത്തോളം രൂപ ലഭിക്കുന്നത്.
സിവില്‍ പോലീസ് ഓഫീസറായ വിജയകൃഷ്ണനാണ് പണം റോഡില്‍ കിടന്ന് ലഭിച്ചത്. ഉടന്‍ തന്നെ കണ്ട്രോള് റും എസ്.ഐ സലീം റാവുത്തറിന്റെ നേതൃത്ത്വത്തില്‍ സമീപത്തുളള ബാങ്കുകളിലും പോലീസ് സ്റ്റേഷനിലും അറിയിപ്പ് നല്കി.
തുടര്‍ന്ന് പുന്നല സ്വദേശി സിറാജിന്റെ പണമാണ് നഷ്ടപ്പെട്ടതെന്ന് പോലീസ് കണ്ടെത്തി. വ്യാപാരിയായ സിറാജ് ബാങ്കിലേക്ക് പോകവെയാണ് പണം നഷ്ടപ്പെട്ടത്.
ഉടമയെ കണ്ടെത്തി പണം തിരികെ നല്‍കാനായതിന്റെ സന്തോഷത്തിലാണ് എസ്.ഐ സലീം റാവുത്തറും സിവില്‍ പോലീസ് ഓഫീസര്‍മാരായ വിജയകൃഷ്ണനും ശ്യാംകുമാറും.