എം.സുരേഷ്ബാബു
തിരുവനന്തപുരം: വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ കേരളത്തിന് നഷ്ടമായ സാഹചര്യത്തെക്കുറിച്ച് ത്വരിത രഹസ്യാന്വേഷണം നടത്താൻ വിജിലൻസ് ഡയറക്ടറുടെ നിർദേശം. ആഭ്യന്തര വകുപ്പ് സെക്രട്ടറി ഉൾപ്പെടെയുള്ളവരുടെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ തീരുമാനം.
മെഡൽ പട്ടികയിൽ ഉൾപ്പെട്ട മധ്യകേരളത്തിലെ ഒരു പോലീസ് ഓഫീസർ വിജിലൻസ് ഡയറക്ടർക്ക് ഇന്നലെ രാത്രി നൽകിയ പരാതിയെ തുടർന്നാണ് വിജിലൻസ് ഡയറക്ടർ സെക്രട്ടറിയേറ്റിലെ ആഭ്യന്തരവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസിന്റെ രഹസ്യ അന്വേഷണത്തിന് നിർദേശം നൽകിയിരിക്കുന്നത്.
അഡീഷണൽ ചീഫ് സെക്രട്ടറിമാരായ ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരെ ജേക്കബ് തോമസ് സ്വീകരിച്ച നടപടികളോടുള്ള പ്രതികാരം ചില ഐഎഎസ് ഉദ്യോഗസ്ഥർ തീർത്തതാണ് തങ്ങൾക്ക് മെഡൽ നഷ്ടമാകാൻ ഇടയാക്കിയതെന്ന് പല പോലീസ് ഓഫീസർമാരും വിജിലൻസ് ഡയറക്ടറോടും നേരിട്ടും അല്ലാതെയും പരാതിപ്പെട്ടിരുന്നു. കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് രാഷ്ട്രപതിയുടെ പോലീസ് മെഡലിന് കേരള പോലീസിൽ നിന്നും ആരും പരിഗണിക്കാതെ പോകുന്നത്. ഈ സംഭവം മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫ് സർക്കാരിനും ഏറെ അവമതിപ്പുണ്ട ാക്കിയിരിക്കുകയാണ്.
കഴിഞ്ഞ വർഷം ഒക്ടോബർ മാസത്തിൽ കേരളത്തിൽ നിന്നും രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അർഹരായവരുടെ പട്ടിക സമർപ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് സംസ്ഥാന ആഭ്യന്തരവകുപ്പിന് നിർദേശം നൽകിയിരുന്നു. എന്നാൽ കേരളം പട്ടിക നൽകിയിരുന്നില്ല. ഇതേ തുടർന്ന് ഡിസംബർ ആദ്യവാരം വരെ സമയം നീട്ടികൊടുത്തിരുന്നു.
എന്നാൽ ഇക്കഴിഞ്ഞ വർഷം ഡിസംബർ 31 ന് മാത്രമാണ് കേരളത്തിൽ നിന്നും പരിഗണിക്കേണ്ട വരുടെ പട്ടിക സംസ്ഥാന ആഭ്യന്തരവകുപ്പ് കേന്ദ്ര ആഭ്യന്തരവകുപ്പിന് വെബ് സൈറ്റ് വഴി സമർപ്പിച്ചത്. കേന്ദ്രത്തിന്റെ സൂക്ഷ്മ പരിശോധനകളുടെ അവസാനഘട്ടത്തിലാണ് കേരളത്തിന്റെ മെഡൽ പട്ടിക ലഭിച്ചത്. ഇതേ തുടർന്ന് അപേക്ഷ പരിഗണിക്കാതെ കേന്ദ്ര ആഭ്യന്തരവകുപ്പ് മാറ്റി വയ്ക്കുകയായിരുന്നു.
രാഷ്ട്രപതിയുടെ പോലീസ് മെഡലിനുള്ള പട്ടിക സാധാരണ വെബ് സൈറ്റ് വഴി കേന്ദ്ര ആഭ്യന്തര വകുപ്പിന് നൽകിയ ശേഷം അതിന്റെ പകർപ്പ് നേരിട്ട് സമർപ്പിക്കേണ്ട തായിരുന്നു. എന്നാൽ പകർപ്പ് കേന്ദ്ര ആഭ്യന്തര വകുപ്പിന് നൽകിയിരുന്നില്ല. ഇതാണ് കേരള പോലീസിലെ മികച്ച പോലീസ് ഉദ്യോഗസ്ഥർക്ക് മെഡൽ നഷ്ടപ്പെടാൻ ഇടയാക്കിയ സാഹചര്യം.