കോഴിക്കോട്: കോവിഡ് ഡ്യൂട്ടി ചെയ്ത പോലീസുകാര്‍ക്കു ബഹുമതിയായി “കോവിഡ് വാറിയര്‍’ എന്നു രേഖപ്പെടുത്തിയ പതക്കം പഞ്ചാബിലെ കമ്പനിയില്‍നിന്ന് വാങ്ങിയ സംഭവത്തില്‍ ദുരൂഹത.
സംസ്ഥാനത്ത് കോവിഡ് ഡ്യൂട്ടി ചെയ്ത 52,000 പോലീസുകാര്ക്കായാണ് 2956 കിലോമീറ്റര്‍ അകലെയുള്ള പഞ്ചാബിലെ ലുധിയാനയിലുള്ള ബികെവി എന്റര്‍പ്രൈസസില്‍ നിന്നാണ് കേരള പോലീസിന്റെ വെല്‍ഫെയര്‍ ബ്യൂറോയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന സംതൃപ്തി കഫറ്റേരിയ പതക്കം വാങ്ങിയത്.
കേരളത്തില്‍ ധാരാളം കമ്പനികള്‍ ഇത്തരത്തിലുള്ള പതക്കം നിര്മിക്കുമെന്നിരിക്കെ പഞ്ചാബിലെ കമ്പനിയെ തെരഞ്ഞെടുത്തില്‍ ദുരൂഹതയുണ്ടെന്നാണ് സേനയിലെ പൊതു അഭിപ്രായം. ടെന്‍ഡര്‍ നടപടികള്‍ പോലും ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടില്ലെന്നും ആരോപണമുണ്ട്.
പതക്കം വാങ്ങിയതുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നാണ് ആരോപണം. ഈ കമ്പനിയില്‍നിന്ന് തന്നെ പതക്കം വാങ്ങാനുണ്ടായ സാഹചര്യം അവ്യക്തമാണ്.
അതേസമയം ബികെവി എന്ന കമ്പനി സ്കൂള്‍ ആവശ്യാര്‍ഥമുള്ള വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനമാണെന്നാണ് വിവരം. ഈ സ്ഥാപനത്തെ കുറിച്ചും പോലീസിനുള്ളില്‍ നിന്നുള്ള ചില ഉദ്യോഗസ്ഥര്‍ രഹസ്യമായി അന്വേഷിക്കുന്നതായാണ് വിവരം.
പതക്കം ഒന്നിന് 100 രൂപ!
അര്‍ഹരായ പോലീസുകാര്‍ 100 രൂപ നല്കി പതക്കം കൈപ്പറ്റണമെന്നായിരുന്നു ഡിജിപിയുടെ ഉത്തരവ്. ഇപ്രകാരം സര്‍ക്കാരിലേക്ക് 52 ലക്ഷം രൂപയും ലഭിക്കുമെന്നായിരുന്നു വാദം. എന്നാല്‍ പണം കൊടുത്ത് പതക്കം വാങ്ങാനുള്ള ഡിജിപിയുടെ നിര്‍ദേശം പോലീസില്‍ വന്‍ വിവാദമായി.
നൂറു രൂപ നല്കി പതക്കം വാങ്ങാന്‍ പോലീസുകാര്‍ താത്പര്യമില്ലെന്ന് അടൂര്‍ കെഎപി മൂന്ന് കമാന്‍ഡന്റ് ജെ.ജയനാഥ് ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തതോടെ സംസ്ഥാനത്തെ പോലീസുകാരില്‍ ബഹുഭൂരിപക്ഷം പേരും പണം കൊടുത്ത് വാങ്ങുന്ന ബഹുമതി ആവശ്യമില്ലെന്ന നിലപാട് സ്വീകരിച്ചു.
ഡിജിപിയുടെ വിവാദ ഉത്തരവിന് പിന്നാലെ പോലീസ് അസോസിയേഷനും അതൃപ്തി രേഖപ്പെടുത്തി. ഇതോടെ വിവാദം ഭയന്ന് ഡിജിപി പതക്ക വിതരണം നിര്‍ത്തി.
30 ദിവസം കോവിഡ് ഡ്യൂട്ടി ചെയ്ത എല്ലാ റാങ്കിലുമുള്ള പോലീസുകാര്‍ക്കും കോവിഡ് പതക്കം ബഹുമതിയായി നല്‍കുമെന്നായിരുന്നു ഓഗസ്റ്റ് 17 ലെ പ്രഖ്യാപനം.
പിന്നീട് പുറത്തിറക്കിയ സര്‍ക്കുലറില്‍ ചെറുപതക്കം പണം നല്കി വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ പോലീസ് ആസ്ഥാനത്തെ ഇമെയിലില്‍ റജിസ്റ്റര്‍ ചെയ്യുകയോ പോലീസ് ആസ്ഥാനത്തെ സിഐയെ ബന്ധപ്പെടുകയോ ചെയ്യണമെന്നായിരുന്നു നിര്‍ദേശം.