ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിൽ ജീവനക്കാരുടെ കൗണ്ടറിൽ ഒപി ടിക്കറ്റ് എടുക്കുവാൻ യൂണിഫോമിലെത്തിയ പോലീസ് ഉദ്യോഗസ്ഥനോട് കൗണ്ടറിൽ ഡ്യൂട്ടിയിലിരുന്ന ജീവനക്കാരി അപമര്യാദയായി പെരുമാറിയെന്ന് പരാതി.
പരാതി സംബന്ധിച്ച് ജീവനക്കാരിയുടെ മൊഴി രേഖപ്പെടുത്തുവാൻ ആശുപത്രി അധികൃതർ അനുമതി നൽകിയാൽ അതിനെതിരേ പ്രതിഷേധിക്കുമെന്ന് സർവീസ് സംഘടനാ നേതാക്കൾ. കഴിഞ്ഞയാഴ്ച കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ഒ പി രജിസ്ട്രേഷൻ കൗണ്ടറിലാണ് സംഭവം.
ഗാന്ധിനഗർ സ്റ്റേഷനിലെ സീനിയർ സിപിഒ ജീവനക്കാർക്കുള്ള ഒ പി ചീട്ട് എടുക്കുന്നതിനായാണ് കൗണ്ടറിൽ എത്തിയത്. ജീവനക്കാരുടെ ക്യൂവിൽ നിൽക്കാതെ തന്നെ ഒ പി ചീട്ട് നൽകി.
അല്പം കഴിഞ്ഞപ്പോൾ വീണ്ടും രണ്ടു പോലീസ് ഉദ്യോഗസ്ഥരെത്തി ഒ പി ചീട്ട് ആവശ്യപ്പെട്ടപ്പോൾ ജീവനക്കാരുടെ ക്യൂവിൽ നിൽക്കുവൻ കൗണ്ടറിലുണ്ടായിരുന്ന ആൾ ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ച തർക്കത്തിൽ പോലീസ് ഉദ്യോഗസ്ഥനോട് ജീവനക്കാരി അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് പോലീസ് ഉദ്യോഗസ്ഥൻ ഗാന്ധിനഗർ സിഐക്ക് പരാതി നൽകി.
പരാതി സംബന്ധിച്ച് അന്വേഷിക്കുവാനും ജീവനക്കാരിയുടെ മൊഴി രേഖപ്പെടുത്തുവാനും അനുമതി ചോദിച്ചുകൊണ്ട് ആശുപത്രി സൂപ്രണ്ടിന് പോലീസ് കത്ത് നൽകി.
എന്നാൽ ജീവനക്കാരിയുടെ മൊഴി രേഖപ്പെടുത്തുവാൻ പോലീസിന് ആശുപത്രി സൂപ്രണ്ട് അനുമതി നൽകരുതെന്ന് വിവിധ സർവീസ് സംഘടനാ നേതാക്കൾ പറയുന്നു. അങ്ങനെ നൽകിയാൽ ശക്തമായ സമരപരിപാടി ആസൂത്രണം ചെയ്യുമെന്ന് നേതാക്കൾ അറിയിച്ചു.
പോലീസിനെ അപമാനിച്ചിട്ടില്ലെന്ന് ജീവനക്കാരി പറയുന്നു. എന്നാൽ പോലീസ് ജീവനക്കാർക്കെതിരെ പരാതി തന്നാൽ അന്വേഷിക്കുവാൻ അനുമതി നൽകണമെന്നാണ് ചട്ടം.