ഹെല്‍മറ്റ് ധരിക്കാഞ്ഞതിന് ഡിവൈഎഫ്ഐ നേതാവിനു പിഴ ചുമത്തുകയും ഇതില്‍ പ്രതിഷേധിച്ച് പേട്ട പോലീസ് സ്റ്റേഷനിലേക്കു തള്ളിക്കയറിയ സിപിഎം നേതാക്കളെ തടയുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയ നടപടി വിവാദമാകുന്നു.
ഇതൊക്കെ കൂടാതെ ഡിവൈഎഫ്ഐ നേതാവിനു പിഴയിട്ടവര്ക്കെതിരെ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, സ്റ്റേഷനില്‍ അതിക്രമിച്ചു കയറിയ സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുത്തിട്ടില്ലെന്നതാണ് രസകരം.
പേട്ട സ്റ്റേഷനിലെ എസ്ഐമാരായ എസ്.അസീം, എം.അഭിലാഷ്, ഡ്രൈവര്‍ എം.മിഥുന് എന്നിവരെയാണ് സ്ഥലംമാറ്റിയത്.
എസ്ഐമാരെ ക്രമസമാധാനച്ചുമതലയില്‍ നിന്നു ജില്ലാ ക്രൈംബ്രാഞ്ചിലേക്കും ഡ്രൈവറെ എആര്‍ ക്യാംപിലേക്കും മാറ്റി കമ്മിഷണര്‍ ഉത്തരവിട്ടു. എസ്ഐ അഭിലാഷിനെതിരെയാണ് വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചത്.
സിപിഎം ജില്ലാ സെക്രട്ടറി വി.ജോയി എംഎല്‍എയുടെ സമ്മര്‍ദത്തിനു വഴങ്ങിയുള്ള സര്‍ക്കാര്‍ നടപടിയില്‍ പോലീസിനുള്ളിലും അമര്‍ഷം ശക്തമാണ്.
ഉദ്യോഗസ്ഥരുടെ വാദം കേള്‍ക്കാതെ സിപിഎം നേതാക്കളുടെ നിര്‍ദേശം അപ്പാടെ നടപ്പാക്കുകയായിരുന്നുവെന്നാണ് പോലീസിനുള്ളിലെ ആക്ഷേപം.
നാര്‍കോട്ടിക് അസി.കമ്മിഷണര്‍ ബാലകൃഷ്ണനാണ് അന്വേഷണച്ചുമതല. അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെ എസ്ഐമാര്‍ ക്രൈംബ്രാഞ്ചില്‍ തുടരണം.
പോലീസ് സ്റ്റേഷനിലെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങള്‍ ഇന്നോ നാളെയോ പരിശോധിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
വാഹനപരിശോധനയ്ക്കിടയില്‍ ഡിവൈഎഫ്ഐ നേതാവിനെ അസഭ്യം വിളിച്ച് മര്‍ദിച്ചെന്നും ഇതു ചോദിക്കാനെത്തിയ സിപിഎം നേതാക്കളെ അടിച്ചോടിച്ചെന്നുമാണ് ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതി.
ചൊവ്വ വൈകിട്ട് 4.30ന് ഒരുവാതില്‍ക്കോട്ട റോഡില്‍ എസ്ഐമാരായ അഭിലാഷ്, അസീം എന്നിവരുടെ നേതൃത്വത്തില്‍ വാഹന പരിശോധന നടക്കുമ്പോള്‍ ബൈക്കിലെത്തിയ ഡിവൈഎഫ്ഐ വഞ്ചിയൂര്‍ ബ്ലോക്ക് ട്രഷറര്‍ വി.നിഥിനെ തടഞ്ഞുനിര്ത്തിയതായിരുന്നു തുടക്കം.
ഹെല്‍മറ്റ് ധരിക്കാത്തതിന് പിഴ ആവശ്യപ്പെട്ടപ്പോള്‍ താന്‍ ഡിവൈഎഫ്ഐ ഭാരവാഹിയാണെന്നും അത്യാവശ്യ കാര്യത്തിന് പുറത്തിറങ്ങിയപ്പോള്‍ ഹെല്‍മറ്റ് ധരിക്കാന്‍ മറന്നുപോയതാണെന്നും പറഞ്ഞു.
ഡിവൈഎഫ്ഐ നേതാവല്ല ആരുതന്നെ ആയാലും പിഴ നല്‍കണമെന്ന് എസ്ഐമാര്‍ പറഞ്ഞു. ഇതോടെ തര്‍ക്കമായി. എസ്ഐമാരും ഡ്രൈവറും വളഞ്ഞതോടെ നിഥിന് അവിടെനിന്നു കടന്നു.
തന്നെ എസ്ഐ തെറിവിളിച്ചെന്നും മര്‍ദിച്ചെന്നും ആരോപിച്ച് 6 മണിയോടെ സിപിഎം നേതാക്കളെയും കൂട്ടി നിഥിന് സ്റ്റേഷനിലെത്തി.
എസ്ഐമാര്‍ വന്ന പോലീസ് ജീപ്പ് സ്റ്റേഷനു മുന്പില് സിപിഎം നേതാക്കള്‍ തടഞ്ഞു. പ്രതിഷേധക്കാരും പോലീസുകാരും തമ്മില്‍ തെറിവിളിയും കയ്യാങ്കളിയുമായി. ഇതോടെ പോലീസുകാര്‍ ലാത്തിവീശി പ്രതിഷേധക്കാരെ വിരട്ടിയോടിച്ചു.
പിന്നീട് ജില്ലാ സെക്രട്ടറി വി.ജോയി, വഞ്ചിയൂര്‍ ഏരിയാ സെക്രട്ടറി ലെനിന്, മുന്‍ മേയര്‍ കെ.ശ്രീകുമാര്‍, കൗണ്‍സിലര്‍ ഡി.ആര്.അനില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനിലേക്കു തള്ളിക്കയറുകയും ഉദ്യോഗസ്ഥരെ തെറിവിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.
രണ്ടു തവണ തള്ളിക്കയറിയ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു.
ഒടുവില്‍ എസ്ഐമാരെ ക്രമസമാധാനച്ചുമതലയില്‍ നിന്നു മാറ്റി അന്വേഷണം നടത്താമെന്ന് ഡിസിപി ഉറപ്പു നല്‍കിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്. പോലീസുകാര്‍ക്കെതിരായ നടപടിയില്‍ വ്യാപകമായ പ്രതിഷേധമാണുയരുന്നത്.