കോഴിക്കോട്: സ്ത്രീകളോടുള്ള പെരുമാറ്റം പരിധിവിട്ടതിനെത്തുടർന്നു രണ്ടു പോലീസ് ഉദ്യോഗസ്ഥർക്കെതിരേ അന്വേഷണം. കോഴിക്കോട്ടും പാലക്കാട്ടുമായാണ് പോലീസ് സേനയ്ക്കു നാണക്കേടു സൃഷ്ടിച്ച ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കാൻ ആഭ്യന്തര വകുപ്പ് തീരുമാനിച്ചത്.
സഹപ്രവർത്തകരായ സ്ത്രീകളോടു വരെ മോശമായി പെരുമാറിയതിനു മുൻപും വകുപ്പുതല നടപടിക്ക് വിധേയനായ പാലക്കാട് സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി മണികണ്ഠനെ പുതിയ പരാതിയിൽ ഡിജിപി കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തതിനു പിന്നാലെ അദേഹത്തിനെതിരേ വകുപ്പുതല അന്വേഷണവും തുടരും.
കോഴിക്കോട് അസിസ്റ്റന്റ് കമാണ്ടന്റായിരുന്ന നിഷൂർ സുധീന്ദ്രനെതിരെയാണ് മറ്റൊരു കേസിൽ അന്വേഷണം പ്രഖ്യാപിച്ചത്. സോഷ്യൽ മീഡിയയിലൂടെ സൗഹൃദം സ്ഥാപിച്ച് കോഴിക്കോട് മലാപറന്പ് സ്വദേശിയായ യുവതിയുടെ അന്തസിനും മാനത്തിനും ഹാനി വരുത്തുന്ന രീതിയിൽ പെരുമാറിയെന്ന കുറ്റത്തിന് സസ്പെൻഷനിൽ കഴിയുന്ന നിഷൂർ സുധീന്ദ്രനെതിരേ അന്വേഷണം നടത്താൻ കോസ്റ്റൽ പോലീസ് ആസ്ഥാനം അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ ജി. പൂങ്കുഴലിയെയാണ് ആഭ്യന്തര വകുപ്പ് നിയോഗിച്ചിരിക്കുന്നത്.
പാലക്കാട് ജില്ലാ പോലീസ് ഓഫീസിലെത്തിയ 26 കാരിയായ പരാതിക്കാരിയോടു പരിധി ലംഘിച്ച് ഇടപഴകിയതാണ് ഡിവൈഎസ്പി മണികണ്ഠനു കുരുക്കായത്. ജില്ലാ പോലീസ് മേധാവിയുടെ നിർദേശമില്ലാതെ മണികണ്ഠൻ അനാവശ്യമായി പരാതിക്കാരിയുമായി ഇടപെട്ടു, ഔദ്യോഗിക വാഹനത്തിൽ പരാതിക്കാരിയെ ബസ് സ്റ്റോപ്പിൽ കൊണ്ടുപോയി വിട്ടു തുടങ്ങിയ കാരണങ്ങളാൽ കഴിഞ്ഞദിവസം ഡിജിപി മണികണ്ഠനെ സസ്പെൻഡ് ചെയ്തിരുന്നു.
പരാതിക്കാരിയോടു ഡിവൈഎസ്പി പ്രത്യേക അടുപ്പം കാണിച്ചത് ജില്ലാ പോലീസ് ഓഫീസിലെ ജീവനക്കാരുടെ മുന്നിലാണ്. ഇവരുടെ മൊഴി കൂടി ശേഖരിച്ചാണ് അദേഹത്തിനെതിരേ നടപടി സീകരിച്ചത്. ജില്ലാ പോലീസ് ഓഫീസിലെ വനിതാ ജീവനക്കാരിയെ അവരുടെ ജോലി സ്ഥലത്ത് അനാവശ്യമായി സന്ദർശിച്ച് അടുപ്പം സ്ഥാപിക്കാൻ ശ്രമിച്ചുവെന്ന പരാതിയും മണികണ്ഠനെതിരേ ഉയർന്നിരുന്നു.
2016ലും മണികണ്ഠനെ സസ്പെൻഡ് ചെയ്തിരുന്നു. ബലാത്സംഗത്തിനിരയായ യുവതിയോടു മോശമായി പെരുമാറിയതിനായിരുന്നു അന്നത്തെ നടപടി. മണികണ്ഠൻ മലപ്പുറത്ത് എസ്ഐ ആയി ജോലി ചെയ്തിരുന്ന കാലത്ത് വനിതാ പോലീസ് ഇദ്യോഗസ്ഥരോടു മോശമായി പെരുമാറിയെന്നും പരാതി ഉയർന്നിരുന്നു.
മുതിർന്ന പോലീസ് ഓഫീസറായ മണികണ്ഠന്റെ നടപടികൾ പോലീസ് സേനയ്ക്കു നാണക്കേടുണ്ടാക്കിയെന്നും അദേഹത്തിന്റെ സ്വഭാവദൂഷ്യവും അച്ചടക്കമില്ലായ്മയും ഗൗരവതരമാണെന്നും മേലുദ്യോഗസ്ഥർ റിപ്പോർട്ടു ചെയ്തിരുന്നു.