പോലീസിനു പിണഞ്ഞ അമളി; യാചകരെന്നു കരുതി പോലീസ് പുനരധിവാസകേന്ദ്രത്തിലാക്കിയത് ലക്ഷപ്രഭുക്കളെ; നടപടി ഇവാന്‍കാ ട്രംപിന്റെ വരവു പ്രമാണിച്ച്

ഹൈദരാബാദ്: യാചകരെന്നു തെറ്റിദ്ധരിച്ച് ഹൈദരാബാദ് പോലീസ് പിടിച്ച് പുനരധിവാസകേന്ദ്രത്തിലാക്കിയത് രണ്ട് ലക്ഷാധിപതികളെ. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍കാ ട്രംപിന്റെ സന്ദര്‍ശനം പ്രമാണിച്ച് ഹൈദരാബാദില്‍ നിന്ന് ഭീക്ഷാടകരെ നീക്കുന്ന നടപടിക്കിടെയാണ് പോലീസിന് അമളി പിണഞ്ഞത്.

ലങ്കാര്‍ ഹവുസിലെ ദര്‍ഗയില്‍ നിന്ന് ചെര്‍ലാപള്ളി ജയിലിലെ ആനന്ദാശ്രമത്തില്‍ എത്തിച്ച രണ്ട് സ്ത്രീകള്‍ പോലീസുകാരുമായി തര്‍ക്കിക്കുന്നത് കണ്ടതോടെയാണ് അധികൃതര്‍ വിവരം തിരക്കിയത്. ഇംഗ്ലീഷില്‍ സംസാരിക്കുന്ന ഇരുവരും ഭിക്ഷക്കാരാണോ എന്ന് അപ്പോള്‍ത്തന്നെ സംശയം തോന്നിയതായി അധികൃതര്‍ പറയുന്നു. പിന്നീട് വിശദമായി സംസാരിച്ചപ്പോഴാണ് ഉന്നതവിദ്യാഭ്യാസസവും മികച്ച നിലയില്‍ ജീവിക്കുന്നവരുമാണ് സ്ത്രീകളെന്ന് ബോധ്യപ്പെട്ടത്.

ഇതില്‍ ഒരാളായ 50 വയസ്സുള്ള ഫര്‍സാന ബിസിനസ്സ് അഡ്മിനിസ്ട്രേഷനില്‍ മാസ്റ്റേഴ്സ് ബിരുദധാരിയാണ്. ലണ്ടനില്‍ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന ഫര്‍സാനയും ഭര്‍ത്താവും ഏതാനും വര്‍ഷം മുമ്പാണ് ഇന്ത്യയില്‍ തിരിച്ചെത്തിയത്. അമീര്‍പേട്ടില്‍ ലക്ഷ്വറി അപാര്‍ട്ട്മെന്റും ഇവര്‍ക്ക് സ്വന്തമായുണ്ട്. കഴിഞ്ഞയിടെ ഭര്‍ത്താവ് മരിച്ചതോടെ മാനസികാസ്വാസ്ഥ്യത്തിലായി ഫര്‍സാന. ഇതിന് ഒരു ആള്‍ദൈവം നിര്‍ദേശിച്ച പരിഹാരമായിരുന്നു ദര്‍ഗാ പരിസരത്ത് ഭിക്ഷ യാചിക്കുക എന്നത്. അവിടെ നിന്നാണ് ഇവര്‍ ആനന്ദാശ്രമത്തിലേക്ക് എത്തപ്പെട്ടത്.

റബീയ ബസീറ എന്ന നാല്പത്തിമൂന്നുകാരിയുടേതും സമാന അനുഭവമാണ്. അമേരിക്കന്‍ ഗ്രീന്‍കാര്‍ഡ് പൗരത്വമുള്ള റബീയയ്ക്ക ഹൈദരാബാദില്‍ വന്‍ ഭൂസ്വത്തുണ്ട്. പക്ഷേ, അവരുടെ സഹോദരന്മാര്‍ ഇവയെല്ലാം കൈവശപ്പെടുത്തിയതോടെ റാബിയയുടെ മനോനില തകരാറിലായി. ഇതിന് ചികിത്സയായി ആരോ നിര്‍ദേശിച്ചതാണ് ദര്‍ഗയിലെ ഭിക്ഷാടനം.തുടര്‍ന്ന് പോലീസ് ഇരുവരുടെയും ബന്ധുക്കളെ വിവരം അറിയിച്ചു. അവരെത്തി ഫര്‍സാനയെയും റാബിയയയെും വീടുകളിലേക്ക് കൊണ്ടുപോയി. ആയിരത്തിലധികം ഭിക്ഷാടകരെയാണ് ഹൈദരാബാദിലെ വിവിധ നഗര പ്രദേശങ്ങളില്‍ നിന്ന് പുനരധിവാസ കേന്ദ്രങ്ങളിലേക്ക് ഇതിനോടകം മാറ്റിയത്. ഭിക്ഷാടനം നടത്തി പണക്കാരായവരുടെ കഥകള്‍ ധാരാളം കേട്ടിട്ടുണ്ടെങ്കിലും പണക്കാര്‍ ഭിക്ഷ യാചിക്കുന്നത് ഒരു പക്ഷെ ഇതാദ്യത്തെ സംഭവമായിരിക്കും.

 

Related posts