കോഴിക്കോട്: സുരക്ഷാ മേഖലകളില്‍ പോലീസിന് മൊബൈല്‍ ഫോണ്‍ വിലക്കിയുള്ള ഉത്തരവിനെതിരേ സേനയില്‍ അമര്‍ഷം.
എഡിജിപി മനോജ് ഏബ്രഹാം പുറത്തിറക്കിയ ഉത്തരവാണിപ്പോള്‍ ആശങ്ക സൃഷ്ടിക്കുന്നത്. ഉത്തരവ് നടപ്പാക്കുന്ന പക്ഷം കീഴുദ്യോഗസ്ഥര്‍ മാത്രം ബലിയാടാവുമെന്നാണ് പോലീസുകാര്‍ പറയുന്നത്.
കോടതി, ട്രാഫിക് പോയിന്റുകള്‍, പിക്കറ്റ് പോസ്റ്റുകള്‍ എന്നിവിടങ്ങളില്‍ താഴെ റാങ്കിലുള്ള പോലീസുകാരാണ് ഡ്യൂട്ടിയിലുണ്ടാവാറുള്ളത്.
സംസ്ഥാനത്തെ മിക്ക യൂണിറ്റുകളിലും മൊബൈല്‍ ഫോണ്‍ വഴിയാണ് പ്രധാന നിര്‍ദേശങ്ങള്‍ ഇത്തരത്തില്‍ ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ക്ക് കൈമാറുന്നത്.
ഉത്തരവിറങ്ങിയ ദിവസവും ഇന്നലെയുമെല്ലാം വാട്സ് ആപ്പ് ഗ്രൂപ്പുകളിലേക്കാണ് സ്റ്റേഷനില്‍ നിന്നുള്ള പ്രതിദിന അവലോകന നിര്‍ദേശങ്ങള്‍ കൈമാറിയത്.
എല്ലാവര്ക്കും വയര്‍ലെസ് നല്‍കാനുള്ള ദൗര്‍ലഭ്യം കണക്കിലെടുത്താണ് വാട്സ് ആപ്പ് ഗ്രൂപ്പ് വഴിയും മറ്റും പ്രധാന നിര്‍ദേശം കൈമാറുന്നത്. ഇക്കാര്യം യൂണിറ്റ് മേധാവിമാര്‍ക്കും അറിയാം.
പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പോലീസുകാര്‍ ഫോണ്‍ ഉപയോഗിക്കാതിരുന്നാല്‍ പല വിവരങ്ങളും അതതു സമയങ്ങളില്‍ കൈമാറാന്‍ സാധിക്കില്ല.
എട്ടിന് നടക്കുന്ന സാട്ടയില് ജില്ലാ പോലീസ് മേധാവിമാര്‍ നല്കുന്ന നിര്‍ദേശങ്ങളും എല്ലാവര്ക്കും കൈമാറാന്‍ സാധിക്കില്ല. ഇതു ക്രമസമാധാന പ്രശ്നങ്ങള്‍ക്കുവരെ കാരണമാവും.
അതേസമയം ഫോണ്‍ എടുക്കാതിരുന്നാലുണ്ടാവുന്ന ഭവിഷത്തുകള്‍ക്ക് പോലീസുകാര്‍ തന്നെ ഇരകളാവുകയും ചെയ്യും. മേലുദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുക മാത്രമാണ് ചുമതല.
അത് ഏതു സാഹചര്യത്തിലായാലും പോലീസുകാര്‍ നടപ്പാക്കുക തന്നെ വേണമെന്നാണ് വ്യവസ്ഥ. നടപ്പാക്കിയില്ലെങ്കില്‍ ഏറ്റവും താഴെത്തട്ടിലുള്ള പോലീസുകാരനാണ് ഇരയായി മാറുന്നത്.
അതേസമയം ഡ്യൂട്ടിയിലിരിക്കെ ഫോണ്‍ ഉപയോഗിച്ചാലും അത് നിലവിലെ ഉത്തരവിന് എതിരായി മാറും. ഫോണ്‍ ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ സഹിതം സമൂഹമാധ്യമത്തിലും പ്രത്യേകിച്ച് പോലീസിന്റെ ഫേസ്ബുക്കിലും പൊതുജനങ്ങള്‍ ട്രോളാക്കി മാറ്റുകയും ചെയ്യും.
ഈ സാഹചര്യത്തില്‍ ഉത്തരവ് എപ്രകാരം നടപ്പാക്കുമെന്ന ആശങ്കയിലാണ് യൂണിറ്റ് മേധാവിമാര്‍ .
രാജ് ഭവന്, സെക്രട്ടേറിയറ്റ്, ഹൈക്കോടതി തുടങ്ങിയ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന ചില പോലീസുകാര്‍ അനാവശ്യമായി ഫോണ്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.
പോലീസുകാര്‍ ഡ്യൂട്ടി സമയത്ത് ജോലിയില്‍ ശ്രദ്ധിക്കാതെ ബൈക്കിനു മുകളില്‍ ഇരുന്ന് ഫോണ്‍ വിളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് പൊതു ജനങ്ങള്‍ക്കിടയില്‍ മോശം പ്രതിച്ഛായ സൃഷ്ടിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
സുരക്ഷാ വീഴ്ചയ്ക്കും ഇതിടയാക്കാം. പ്രത്യേക സുരക്ഷാ മേഖലകളില്‍ ജോലി ചെയ്യുന്ന പോലീസുകാര്‍ മൊബൈല്‍ ഫോണുകള്‍ അനാവശ്യമായി ഉപയോഗിക്കുന്നത് നിയന്ത്രിക്കാന്‍ എല്ലാ യൂണിറ്റു മേധാവികളും നടപടിയെടുക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നുണ്ട്.