കണ്ണൂർ: ജില്ലാ പോലീസിന്റെ ശാസ്ത്രീയ ചോദ്യം ചെയ്യൽ മുറിയുടെ ഉദ്ഘാടനം കണ്ണൂർ റേഞ്ച് ഐജി മഹിപാൽ യാദവ് നിർവഹിച്ചു. ജില്ലാ പോലീസ് സമുച്ചയത്തിലെ ഒന്നാം നിലയിലെ രണ്ട് മുറികളിലാണ് ഇ-മുറി സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇതോടെ ഈ സംവിധാനമുള്ള സംസ്ഥാനത്തെ ഏഴാമത്തെ ജില്ലയായി കണ്ണൂർ മാറി. ചോദ്യം ചെയ്യൽ നടപടികൾ ഓഡിയോയിലും വീഡിയോയിലും റെക്കോർഡ് ചെയ്യും.
കുറ്റാരോപിതനായ വ്യക്തിയുടെ ശബ്ദവും ദൃശ്യവും മുഖഭാവങ്ങളും വിവിധ ഇലക്ട്രോണിക് സംവിധാനങ്ങളുടെ സഹായത്തോടെ വ്യക്തമായി റെക്കോർഡ് ചെയ്ത് കോടതി മുന്പാകെ വ്യക്തമായ തെളിവുകൾ ഹാജരാക്കാൻ ഇതിലൂടെ സാധിക്കും. ഇതുമൂലം പോലീസ് ദേഹോപദ്രവമേൽപിച്ചുവെന്ന ആരോപണം ഇല്ലാതാവും.
മൂന്നാംമുറ ഉപയോഗിച്ച് ചോദ്യം ചെയ്യുന്നുവെന്ന പരാതി ഇല്ലാതാക്കുകയും വികസിത രാജ്യങ്ങളിലെ പോലീസിന് സമാനമായി ശാസ്ത്രീയമായ കുറ്റാന്വേഷണം നടപ്പിൽ വരുത്തുകയെന്നതുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം.ശീതീകരിച്ച ഇ-മുറിയിൽ വയർലസ് സംവിധാനവും പ്രവർത്തിപ്പിക്കുന്നുണ്ടെന്നതിനാൽ 150 മീറ്റർ ദൂരപരിധിയിൽ മാറി നിന്ന് ഉയർന്ന ഉദ്യോഗസ്ഥന് ആവശ്യമെങ്കിൽ വയർലെസിലൂടെ ചോദ്യം ചെയ്യലിൽ ഇടപെടാൻ സാധിക്കും.
ഇത് പ്രതിക്ക് കേൾക്കാൻ സാധിക്കില്ല. ഇനിമുതൽ പോലീസ് സ്റ്റേഷനുകളിൽ ചോദ്യം ചെയ്യൽ മുറികൾ ഉണ്ടാവില്ല. ചടങ്ങിൽ ജില്ലാ പോലീസ് മേധാവി ജി.ശിവവിക്രം അധ്യക്ഷത വഹിച്ചു.