മാനന്തവാടി: വടക്കേവയനാട്ടിലെ തലപ്പുഴ പേരിയ ചപ്പാരത്ത് മാവോവാദികളും പോലീസും ഏറ്റുമുട്ടി. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. അര മണിക്കൂറോളം നീണ്ട പരസ്പരമുള്ള വെടിവയ്പ്പിനൊടുവില്‍ അഞ്ചംഗ മാവോവാദി സംഘത്തിലെ രണ്ടു പേര് പോലീസ് പിടിയിലായി. ഒരു സ്ത്രീയും പുരുഷനുമാണ് കസ്റ്റഡിയില്‍. മൂന്നു പേര് രക്ഷപ്പെട്ടു.
ചപ്പാരത്തെ അനീഷിന്റെ വീട്ടിലെത്തിയ മൂന്നു സ്ത്രീകളും രണ്ടു പുരുഷന്മാരും അടങ്ങുന്ന മാവോവാദി സംഘം ഭക്ഷണം കഴിച്ചശേഷം പുറത്തിറങ്ങുമ്പോള്‍ പോലീസിന്റെ കമാന്‍ഡോ വിഭാഗങ്ങളായ തണ്ടര്‍ബോള്‍ട്ടും സ്പെഷല്‍ ഓപ്പറേഷന് ഗ്രൂപ്പും വളയുകയായിരുന്നു.
കീഴടങ്ങാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും മാവോവാദികള്‍ കൂട്ടാക്കാതെ നിറയൊഴിച്ചു. ഇതേത്തുടര്‍ന്നു പോലീസ് തിരിച്ചടിക്കുകയും രണ്ടു പേരെ പിടികൂടുകയുമായിരുന്നു. ചന്ദ്രു, ഉണ്ണിമായ എന്നിവരാണ് പോലീസ് കസ്റ്റഡിയിലായതെന്നാണ് അറിയുന്നത്. രക്ഷപ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. രക്ഷപ്പെട്ടവരിൽ ഒരാൾക്ക്് വെടിയേറ്റെന്നു സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.
വെടിവയ്പ്പില്‍ അനീഷിന്റെ വീടിന്റെ വാതിലും മറ്റും ഭാഗികമായി തകര്‍ന്നു. വയനാട്ടില്‍ പ്രവര്‍ത്തിക്കുന്ന മാവോവാദികള്‍ക്കു സഹായം എത്തിക്കുന്നയാള്‍ ഇന്നലെ കോഴിക്കോട് കൊയിലാണ്ടിയില്‍ പോലീസ് പിടിയിലായിരുന്നു. തമിഴ്നാട് തിരുനെൽവേലി സ്വദേശി അനീഷ് ബാബുവിനെയാണ് കൊയിലാണ്ടിക്കു സമീപമുള്ള വയനാട്-കോഴിക്കോട് വനമേഖലയിൽനിന്ന് റൂറൽ എസ്പിയുടെ കീഴിലുള്ള ആന്റി നക്സൽ സ്ക്വാഡ് പിടികൂടിയത്. അനീഷിനെ രഹസ്യകേന്ദ്രത്തിലേക്കു മാറ്റി പോലീസ് ചോദ്യം ചെയ്തുവരികയാണ്.
സിപിഐ മാവോയിസ്റ്റ് പിഎൽജിഎ കേഡറാണ് അനീഷ് ബാബുവെന്ന് പോലീസ് സൂചിപ്പിച്ചു. വനമേഖല കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഗറില്ലാ ഗ്രൂപ്പിന് സഹായം എത്തിച്ചു നൽകുന്ന പ്രവർത്തകനാണ് അനീഷ് ബാബു. ഇങ്ങനെയുള്ള ആളുകളെ ‘കൊറിയർ’ ആയിട്ടാണ് മാവോയിസ്റ്റുകൾ വിശേഷിപ്പിക്കുന്നത്. മൊബൈൽ ഫോണും മറ്റ് ആധുനിക സാങ്കേതികവിദ്യകളും ഉപയോഗിച്ച് ആശയവിനിമയം നടത്തിയാൽ പെട്ടെന്നു പോലീസ് കണ്ടെത്തുമെന്നതിനാൽ കൊറിയർമാരാണ് മാവോയിസ്റ്റ് ഗ്രൂപ്പുകൾക്കിടയിൽ ആശയവിനിമയം നടത്തുന്നത്.
അടുത്തിടെ കണ്ണൂർ ആറളം വനമേഖലയിൽ വച്ച് മാവോയിസ്റ്റുകൾ വനപാലകർക്കുനേരേ വെടിയുതിർത്തിരുന്നു. കഴിഞ്ഞ മാസം വയനാട് കന്പമലയിൽ വനംവികസന കോർപറേഷന്റെ ഓഫീസും ആദിവാസി കോളനിക്കു സമീപം പോലീസ് സ്ഥാപിച്ച നിരീക്ഷണ കാമറയും മാവോയിസ്റ്റുകൾ അടിച്ചുതകർത്തിരുന്നു. ഈ സംഭവങ്ങളെത്തുടർന്ന് മാവോയിസ്റ്റുകളുടെ നീക്കങ്ങൾ ആന്റി നക്സൽ സ്ക്വാഡ് നിരീക്ഷിച്ചുവരികയായിരുന്നു.