നെടുമങ്ങാട്: മോഷണം നടത്തിയ എഎസ്ഐ സിസിടിവി കാമറയിൽ കുടുങ്ങി. ഫ്രൂട്സ് കടയിലെ സിഎഫ്എൽ ലാമ്പ് മോഷ്ടിക്കുന്നതിനിടെയാണ് എഎസ്ഐ കുടുങ്ങിയത്. നെടുമങ്ങാട് സ്റ്റേഷനിലെ എഎസ്ഐ ജിജോ കുട്ടപ്പന്റെ മോഷണ വിരുതാണു സിസിടിവി കാമറയിലൂടെ പുറംലോകം അറിഞ്ഞത്.
നെടുമങ്ങാട് നഗരത്തിനു സമീപം കുളവിക്കോണത്തെു ഫ്രൂട്സ് കടയിൽ നിന്നാണ് സിഎഫ്എൽ മോഷ്ടിച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു മോഷണം. നൈറ്റ് പട്രോളിംഗിന് ജീപ്പിൽ സഹപ്രവർത്തകരോടൊപ്പം പോയ ഇയാൾ പരിശോധനയ്ക്കെന്ന വ്യാജേന കടയ്ക്കു മുന്നിലെത്തി മറ്റാരും കാണാതെ സിഎഫ്എൽ ഊരി പോക്കറ്റിൽ തിരുകുകയായിരുന്നു.
രാവിലെ കടക്കാരൻ എത്തുമ്പോൾ ലാമ്പ് കാണുന്നില്ല.
ഇതു പതിവായതിനാൽ സമീപത്തെ ഹോം അപ്ലൈൻസിൽ ഘടിപ്പിച്ചിട്ടുള്ള സിസിടിവി പരിശോധിക്കാൻ ഇയാൾ ഉടമയെ ചുമതലപ്പെടുത്തി. പരിശോധനയിലാണ് പോലീസുകാരന്റെ കള്ളത്തരം വെളിച്ചത്തായത്. ദൃശ്യങ്ങളുമായി കടയുടമ നെടുമങ്ങാട് പോലീസ് സ്റ്റേഷനിലെത്തി ദൃശ്യങ്ങൾ എസ് ഐയെ കാണിച്ച് ബോധ്യപ്പെടുത്തി. ഇയാൾക്കെതിരെ മോഷണക്കുറ്റത്തിനു കേസെടുത്തതായി നെടുമങ്ങാട് പോലീസ് പറഞ്ഞു.
സംഗതി പുറത്തായതോടെ നെടുമങ്ങാട് നഗരത്തിലെ പല കടക്കാരും ലാമ്പുകളും മറ്റും നഷ്ടപ്പെട്ട പരിദേവനങ്ങളുമായി രംഗത്തെത്തി. സ്റ്റേഷനിൽനിന്ന് ഈ വിധം പലതും നഷ്ടപ്പെട്ടതായി പോലീസുകാരും കുശുകുശുക്കുന്നു.
പിടിയിലായ ഈ എ എസ് ഐയ്ക്ക് മന്ത്രിയുടെ ചെരുപ്പു മോഷ്ടിച്ചെന്ന അപഖ്യാതി നേരത്തെയുണ്ട്. രണ്ടു വർഷം മുമ്പ് ശബരിമലയിൽ ഡ്യൂട്ടി ചെയ്യവെ അവിടെ തൊഴാനെത്തിയ ആന്ധ്ര മന്ത്രിയുടെ വിലപിടിപ്പുള്ള ചെരുപ്പ് അടിച്ചുമാറ്റി. കൈയോടെ പിടിക്കപ്പെട്ടപ്പോൾ സുരക്ഷിതമായി കാക്കാൻ മാറ്റിവയ്ക്കുകയായിരുന്നെന്ന കളവു പറഞ്ഞ് തടിയൂരി.