വിവാഹേതരബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന സുപ്രീംകോടതിയുടെ വിധി സമീപദിവസങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. വിധിയെ മുതലെടുക്കുന്നതെന്ന് തോന്നിക്കുന്ന തരത്തിലുള്ള നിരവധി വാര്‍ത്തകള്‍ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നായി പുറത്തു വരുന്നുമുണ്ട്. വിധിയുമായി കൂട്ടി വായിക്കാവുന്ന ഒരു സംഭവമാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്.
പോലീസുകാരന്‍ ആത്മഹത്യ ചെയ്തത് രണ്ട് വനിതാപോലീസുകാരുടെ ഉപദ്രവം കാരണമെന്ന പരാതിയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. മഹാരാഷ്ട്ര ഇച്ചല്‍കറഞ്ചി പോലീസ് സ്റ്റേഷനിലെ 42-കാരനായ കോണ്‍സ്റ്റബിള്‍ വിഷം കഴിച്ച് ജീവനൊടുക്കിയ സംഭവത്തിലാണ് വനിതാ പോലീസുകാര്‍ക്കെതിരേ ആരോപണമുയര്‍ന്നിരിക്കുന്നത്.
മരിച്ച പോലീസുകാരന്റെ ഭാര്യ സംഭവത്തില്‍ പരാതി നല്‍കിയതോടെ ഇരുവര്‍ക്കുമെതിരേ പോലീസ് കേസെടുത്തു. ജീവനൊടുക്കിയ പോലീസ് കോണ്‍സ്റ്റബിളും ആരോപണവിധേയരായ രണ്ട് വനിതാപോലീസുകാരും ഗാന്ധിനഗര്‍ സ്റ്റേഷനില്‍ നേരത്തെ ഒരുമിച്ച് ജോലിചെയ്തിരുന്നു. ഈ സമയം പോലീസുകാരന്‍ രണ്ടു പേരുമായി അടുപ്പം സ്ഥാപിച്ചു.
എന്നാല്‍ പോലീസുകാരനും വനിതാപോലീസുകാരും തമ്മിലുള്ള ബന്ധം പുറത്തറിഞ്ഞതോടെ മൂന്നുപേരെയും വ്യത്യസ്ത സ്റ്റേഷനുകളിലേക്ക് സ്ഥലം മാറ്റി. പക്ഷേ, സ്ഥലം മാറ്റത്തിന് ശേഷവും രണ്ട് വനിതാപോലീസുകാരും ഇയാളുമായി ബന്ധം തുടര്‍ന്നു.
ഭര്‍ത്താവിന് താത്പര്യമില്ലാതിരുന്നിട്ടും ഇരുവരും അടുപ്പം തുടരാനും വിവാഹം കഴിക്കാനും നിര്‍ബന്ധിച്ചെന്നാണ് പോലീസുകാരന്റെ ഭാര്യയുടെ ആരോപണം. വനിതാപോലീസുകാരില്‍ ഒരാള്‍ വിവാഹബന്ധം വേര്‍പ്പെടുത്താനായി തന്നെ ഭീഷണിപ്പെടുത്തിയെന്നും ഇരുവരുടെയും ശല്യം സഹിക്കാന്‍ വയ്യാതെയാണ് ഭര്‍ത്താവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തതെന്നും ഇവര്‍ പറയുന്നു. പോലീസുകാരന്റെ ഭാര്യയുടെ പരാതിയില്‍ ആത്മഹത്യാപ്രേരണയ്ക്കും ഭീഷണിപ്പെടുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്.