പോലീസുകാര്‍ക്കിടയിലെ ഗുണ്ടകളെക്കുറിച്ച് അടുത്ത കാലത്ത് ധാരാളം വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, കാരുണ്യത്തിന്റെ ആള്‍രൂപമായി മാറിയ ഒരു പോലീസുകാരനെക്കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ മാധ്യമങ്ങളിലൂടെ വൈറലായിരിക്കുന്നത്.
സംഭവമിങ്ങനെ…നാല് മാസം പ്രായമുള്ള കുഞ്ഞിനെയുമായി പരീക്ഷ എഴുതാന്‍ എത്തിയ യുവതിക്ക് പോലീസുകാരന്‍ സഹായമായ വാര്‍ത്തയാണത്. പരീക്ഷാ ഹാളില്‍ കുട്ടിയുമായി പ്രവേശിക്കാനാകില്ലെന്നറിഞ്ഞതോടെ കുഴപ്പത്തിലായ യുവതിക്ക് രക്ഷകനാവുകയായിരുന്നു പോലീസ് ഉദ്യോഗസ്ഥന്‍.
പരീക്ഷ കഴിയുന്നതുവരെ കുട്ടിയെ പോലീസ് ഉദ്യോഗസ്ഥനാണ് ശുശ്രൂഷിച്ചത്. പോലീസ് ഉദ്യോഗസ്ഥന്‍ കുട്ടിയെ പരിപാലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. കരഞ്ഞുകൊണ്ടിരിക്കുന്ന കുട്ടിയെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രമാണ് പുറത്തെത്തിയിരിക്കുന്നത്.
ഐപിഎസ് ഉദ്യോഗസ്ഥ രെമ രാജേശ്വരി ഇതിന്റെ ചിത്രങ്ങള്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഷെയര്‍ ചെയ്തിരുന്നു. തുടര്‍ന്നാണ് സംഭവം ശ്രദ്ധിക്കപ്പെട്ടത്. ബെഞ്ചില്‍ ഇരുന്ന് കുട്ടിയെ കളിപ്പിക്കുന്ന പോലീസ് ഉദ്യോഗസ്ഥനെയാണ് കാണാനാകുന്നത്.
മഹ്ബുബ്നാഗര്‍ ജില്ലയിലെ മൂസ്‌പേട്ട് പോലീസ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ മുജീബ് ഉര്‍ റഹ്മാനാണ് സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടിയിരിക്കുന്നത്. പരീക്ഷ നടന്ന ബോയ്സ് ജൂനിയര്‍ കോളേജിലെ സുരക്ഷ ചുമതല ലഭിച്ചിരുന്നത് മുജീബിനാണ്.
ഒരു പാവപ്പെട്ട യുവതിയാണ് തന്റെ നാല് മാസം പ്രായമുള്ള കുഞ്ഞിനെയുമായി പരീക്ഷയെഴുതാന്‍ എത്തിയത്. അവര്‍ക്ക് ആ ജോലി അത്യാവശ്യമാണെന്ന് എനിക്ക് തോന്നുന്നു. ബിരുദാനന്തരബിരുദം ഉള്ള യുവതിക്ക് ഭേദപ്പെട്ട ഒരു ജോലി ലഭിച്ചിട്ടില്ലെന്നും മുജീബ് പറഞ്ഞു.
കുട്ടിയെ നോക്കാന്‍ 14 വയസുള്ള മറ്റൊരു കുട്ടിയുമായാണ് യുവതി എത്തിയത്. എന്നാല്‍ അമ്മ പരീക്ഷ കയറിയപ്പോള്‍ കുട്ടി കരയാന്‍ തുടങ്ങുകയായിരുന്നു. അതാനാല്‍ താന്‍ കുട്ടിയെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുകയാണ് ഉണ്ടായതെന്നും പോലീസ് പറഞ്ഞു. രണ്ട് കുട്ടികളുടെ അച്ഛനാണ് 48 കാരനായ ഈ പോലീസുദ്യോഗസ്ഥന്‍.