ഇടുക്കി: മോഷണത്തെ സംബന്ധിച്ച പോലീസിന്റെ അന്വേഷണം ചെന്നെത്തിയത് കൊലപാതക സൂചനകകളിലേക്ക്. കട്ടപ്പന കാഞ്ചിയാര്‍ കക്കാട്ടുകടയിലെ വീടു കേന്ദ്രീകരിച്ചാണ് ആഭിചാര ക്രിയകളും ഇതിന്റെ പേരില്‍ കൊലപാതകം ഉള്‍പ്പെടെയും നടന്നിട്ടുണ്ടെന്ന ഞെട്ടിക്കുന്ന സൂചനകള്‍ പോലീസിനു ലഭിച്ചത്. ഇന്നലെ മുതല്‍ വീട് കനത്ത പോലീസ് കാവലിലാണ്.
ആര്‍ഡിഒ അടക്കം ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വീട്ടിലും പരിസരത്തും ഇന്നു പോലീസ് പരിശോധന നടത്തും. കഴിഞ്ഞ ദിവസം മോഷണക്കേസുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതികളില്‍ നിന്നാണ് ഇതുസംബന്ധിച്ച് സൂചന ലഭിച്ചത്.
കഴിഞ്ഞ ദിവസം മോഷണ ശ്രമത്തിനിടയില്‍ പിടിയിലായ വിഷ്ണു എന്ന യുവാവും ഇയാളുടെ മാതാവും വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ നിന്നാണ് ആഭിചാര ക്രിയകള്‍ നടന്നതിന്റെ പ്രാഥമിക വിവരങ്ങള്‍ ലഭിച്ചത്. മോഷണ കേസിന്റെ ഭാഗമായി കട്ടപ്പന എസ്ഐയും സംഘവും ഇവിടെ പരിശോധനയ്ക്ക് എത്തിയിരുന്നു.
ഇതിനിടെ അസ്വഭാവികമായ ചിലത് വീട്ടില്‍ കണ്ടെത്തി. തുടര്‍ന്ന് ഇക്കാര്യം ഉയര്‍ന്ന ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. ആളുകളെ അപായപ്പെടുത്തിയിട്ടുണ്ടോയെന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ലെങ്കിലും ഇതിന്റെ സൂചനകള്‍ ലഭിച്ചതായാണ് വിവരം.
പിടിയിലായ മോഷണക്കേസ് പ്രതികളുടെ മൊഴിയിലെ വൈരുധ്യത്തിലാണ് പോലീസിന് സംശയമുണ്ടായതും കൂടുതല്‍ പരിശോധനയ്ക്കു തയാറായതും. അടുത്തിടെ നടന്ന കൂടുതല്‍ മോഷണക്കേസുകളില്‍ ഈ യുവാക്കള്‍ക്ക് പങ്കുണ്ടെന്ന സംശയവും പോലീസിനുണ്ട്.
പ്രതിയുടെ വീട്ടില്‍ പരിശോധന നടത്തുന്നതിനു മുന്‍പ് തൊണ്ടി മുതലുകള്‍ നഷ്ടപ്പെടാതിരിക്കാനാണ് നിരീക്ഷണം ഏര്‍പ്പെടുത്തിയത് എന്നായിരുന്നു ഇന്നലെ പോലീസ് പറഞ്ഞത്. ഇന്ന് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടക്കുന്ന പരിശോധനയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.