കോട്ടയം: വർധിച്ചുവരുന്ന ലഹരി ഉപയോഗം തടയുന്നതിനായി ഒരു മദ്യപാനിയുടെ ആത്മകഥയുമായി ജനമൈത്രി പോലീസ്. ലഹരി, മയക്കുമരുന്ന് ഉപയോഗം തടയുന്നതിനും സമൂഹത്തേയും യുവതലമുറയേയും ലഹരിയുടെ ദോഷവശങ്ങളെ ബോധ്യപ്പെടുത്തുന്നതിനും ജനമൈത്രി ഡ്രാമാ ടീമാണ് പാഠം ഒന്ന് ഒരു മദ്യപാനിയുടെ ആത്മകഥ എന്ന പേരിൽ ബോധവത്കരണ നാടകം വേദിയിലെത്തിക്കുന്നത്.
ഒരു കുടുംബ പശ്ചാത്തലത്തിൽ വികാരനിർഭരമായ രംഗങ്ങൾ ഉൾപ്പെടുത്തി പ്രേക്ഷകന്റെ മനസിൽ ആഴത്തിൽ പതിയുന്ന രീതിയിലാണ് നാടകം ഒരുക്കിയിരിക്കുന്നത്. ഡിജിപി ലോക്നാഥ് ബെഹ്റയുടെ നേതൃത്വത്തിൽ ജനമൈത്രി സംസ്ഥാന നോഡൽ ഓഫീസർ എഡിജിപി എസ്. ശ്രീജിത്തിന്റെ ആശയത്തിൽ ജനമൈത്രി ഡയറക്്ടറേറ്റിലെ പോലീസ് ഉദ്യോഗസ്ഥരാണ് നാടകം അവതരിപ്പിക്കുന്നത്.
സബ് ഇൻസ്പെക്്ടർമാരായ ജേക്കബ് സൈമണ്‍, നുജുമുദ്ദീൻ, മുഹമ്മദ് റാഫി, അസിസ്റ്റന്റ് സബ് ഇൻസ്പെക്്ടർ നിസാറൂദീൻ, സീനിയർ സിവിൽ പോലീസ് ഓഫീസറായ ആര്യാദേവി, സിവിൽ പോലീസ് ഓഫീസർമാരായ സുഭാഷ് കുമാർ, സനിൽകുമാർ, ഷംനാദ്, സോൾവിൻ എന്നിവരടങ്ങുന്ന ജനമൈത്രി ഡ്രാമ ടീമാണ് നാടകത്തിലുളളത്.
ജയിൽവാസമനുഭവിക്കുന്നവരെ ലഹരിയുടെ ദൂഷ്യവശങ്ങൾ ബോധ്യപ്പെടുത്തുന്നതിനും ഒരു ലഹരി വിരുദ്ധ ജീവിതം അവർക്ക് ലഭ്യമാക്കുന്നതിനും വേണ്ടിയാണ് നാടകം അവതരിപ്പിക്കുന്നത്. 15നു കോട്ടയം ജില്ലാ ജയിലിൽ നാടകം അവതരിപ്പിക്കും.