ചെന്നൈ: സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനെ മർദിച്ച സംഭവത്തിൽ പോലീസുകാരിയെ സസ്പെൻഡ് ചെയ്തു. ചെന്നൈ ചെട്ട്പേട്ടിലെ ഒരു സൂപ്പർമാർക്കറ്റിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കുന്നതിനിടെയാണ് ജീവനക്കാരൻ വനിതാ പോലീസ് കോണ്‍സ്റ്റബിളായ ഡി. നന്ദിനിയെ പിടികൂടിയത്.
കഴിഞ്ഞ ബുധനാഴ്ച വൈകിട്ടോടെ സൂപ്പർമാർക്കറ്റിലെത്തിയ നന്ദിനി ഷെൽഫിൽ നിന്ന് സാധനങ്ങളെടുത്ത് പോക്കറ്റിലിടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ കൃത്യമായി പതിഞ്ഞിട്ടുണ്ടായിരുന്നു. ഇത് കണ്ട ജീവനക്കാരൻ നന്ദിനിയെ തടഞ്ഞു നിർത്തി സാധനങ്ങൾ തിരികെവയ്ക്കണമെന്നും മാപ്പ് എഴുതി നൽകണമെന്നും ആവശ്യപ്പെട്ടു.
ചോക്ലേറ്റുകളടക്കം 115 രൂപയുടെ സാധനങ്ങളാണ് ഇവർ മോഷ്ടിച്ചത്. പിന്നീട് തെറ്റ് സമ്മതിച്ച് മാപ്പ് എഴുതി നൽകിയാണ് പോലീസുകാരി സൂപ്പർ മാർക്കറ്റ് വിട്ടത്.തുടർന്നാണ് വനിതാ പോലീസിന്റെ ഭർത്താവും സുഹൃത്തുക്കളുമടങ്ങിയ സംഘം സൂപ്പർമാർക്കറ്റിലെത്തിയത്.
മോഷണം പിടികൂടിയ ജീവനക്കാരനെ ഇവർ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ഇവരുടെ അക്രമത്തിൽ പരിക്കേറ്റ ജീവനക്കാരനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ നന്ദിനിയുടെ ഭർത്താവിനെ ചെന്നൈ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.