കരുനാഗപ്പള്ളി: പട്ടാളക്കാരനെയും വില്ലേജോഫീസറേയും അസഭ്യം പറഞ്ഞ പോലീസുകാരനെ നാട്ടുകാർ തടഞ്ഞു വച്ചു. ജയചന്ദ്രൻ എന്ന പോലീസുകാരനെയാണ് നാട്ടുകാർ തടഞ്ഞുവെച്ചത്. വീടിനു മുന്നിലെ റോഡരികിൽ നിന്നവരെ അനാവശ്യമായി തെറി വിളിച്ച് പ്രകോപനപരമായി പെരുമാറിയ സിവിൽ പോലീസ് ഓഫീസറെ പോലീസെത്തിയാണ് മോചിപ്പിച്ചത്. കരുനാഗപ്പള്ളി തഴവയിലാണ് സംഭവം. മിലിട്ടറി ഉദ്യോഗസ്‌ഥനായ അനിൽകുമാർ തന്റെ വീടിനു മുന്നിലെ റോഡരികിൽ സുഹൃത്തായ പ്രസാദുമായി സംസാരിച്ചു നിൽക്കുകയായിരുന്നു.
ഈ സമയം ഇതു വഴി കുടുംബസമേതം വന്ന വില്ലേജ് ഓഫീസർ ബിജു സുഹൃത്തുക്കളായ ഇവരുടെ സമീപത്തേക്ക് കാർ ഒതുക്കിനിർത്തി സംസാരിക്കുന്നതിനിടെ ഇതുവഴി സിവിൽ പോലീസ് ഓഫീസർ ജയചന്ദ്രൻ ടൂവീലറിൽ വരികയായിരുന്നു.ബൈക്ക് കടന്ന് പോകുവാൻ സ്‌ഥലമുണ്ടായിട്ടും വണ്ടി എടുത്ത് മാറ്റടാ എന്ന് പറഞ്ഞ് ആക്രോശിക്കുകയും കേട്ടാൽ അറയ്ക്കുന്ന തരത്തിൽ തെറി വിളിക്കുകയുമായിരുന്നുവെന്ന് പറയപ്പെടുന്നു.
ഇതിനെ തുടർന്ന് ഇവർ തമ്മിൽ വാക്കുതർക്കമുണ്ടാകുകയും ജയചന്ദ്രൻ താൻ പോലീസുകാരനാണെന്നും നിന്നെയൊക്കെ കാണിച്ചു തരാമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാർ ഇയാളെ തടഞ്ഞുവച്ചത്.
ഇതോടെ ജയചന്ദ്രൻ കരുനാഗപ്പള്ളി സ്റ്റേഷനിൽ വിളിച്ച് കുറേ മദ്യപാനികൾ തന്നെ തടഞ്ഞു വച്ചിരിക്കുന്നു എന്നും രക്ഷിക്കണമെന്നും അറിയിച്ചു. തുടർന്ന് പോലീസെത്തി നാട്ടുകാരുമായി സംസാരിച്ചതിന് ശേഷം ഇയാളെ മോചിപ്പിക്കുകയായിരുന്നു.
സമൻസുമായെത്തിയ തന്നെ നാട്ടുകാർ ആവശ്യമില്ലാതെ തടഞ്ഞ് നിർത്തി പ്രശ്നമുണ്ടാക്കിയതാണെന്ന് പോലീസുകാരൻ കരുനാഗപ്പള്ളിയിൽ നിന്നും എത്തിയ പോലീസിനോട് പറഞ്ഞു. കൂടുതൽ വഷളാക്കാതെ പോലീസ് ജനങ്ങളോട് രമ്യതയിൽ സംസാരിച്ചാണ് പോലീസുകാരനെ അവിടെ നിന്നും കൂട്ടിക്കൊണ്ട് പോയത്.