മുക്കം: കുറ്റവാളികളെ തിരിച്ചറിയാനും വാഹനപരിശോധന അടക്കമുള്ള സമയത്ത് പോലിസിനെ വെട്ടിച്ച് പോകുന്ന വാഹനങ്ങളുടെ വിവരങ്ങൾ അപ്പോൾ തന്നെ അറിയാനും ‘ക്രൈം ഡ്രൈവ്’ ആപ്പുമായി പോലിസ് . സംസ്ഥാന മുഴുവൻ പോലിസ് സേനാംഗങ്ങൾക്കും സ്മാർട്ട് ഫോണിൽ ഇത് ലഭ്യമാകും.
യൂസർനെയിമും പാസ്വേർഡും ഉപയോഗിച്ച് സേനാംഗങ്ങൾക്ക് അപ്ലിക്കേഷനിൽ പ്രവേശിക്കാം. ക്രൈം ഡ്രൈവ് ആപ്പ് വഴി വ്യക്തിഗത കേസ് വിവരങ്ങൾ, വാഹനവിവരങ്ങൾ തുടങ്ങി എല്ലാം ഞൊടിയിടയിൽ പോലിസിന് മനസിലാക്കാം.
വാഹന പരിശോധനയ്ക്കിടെ പോലിസിനെ പറ്റിച്ച് കടന്നുപോയാലും വാഹനത്തിന്റെ രജിസ്റ്റർ നമ്പർ നൽകിയാൽ ഉടമ ആരെന്നതടക്കമുള്ള പൂർണ വിവരങ്ങൾ തിരിച്ചറിയാം.
നിയമം ലംഘിക്കുന്നവർക്ക് അവരറിയാതെ തന്നെ നോട്ടീസ് നൽകാം. കാലാവധിയുള്ള ഇൻഷുറൻസുണ്ടോ, കുറ്റകൃത്യങ്ങളിൽപ്പെട്ട വാഹനമാണോ തുടങ്ങിയ വിവരങ്ങളും ലഭിക്കും. വ്യക്തിഗത വിവരങ്ങൾ മറച്ചുവെച്ച് വ്യാജ വിവരം നൽകിയാൽ പെട്ടെന്നു പിടിക്കപ്പെടും.
ലൈസൻസോ വോട്ടർ ഐഡി കാർഡോ ആധാറോ പരിശോധിച്ചാൽ അയാളുടെ പേരിൽ സംസ്ഥാനത്തെ ഏത് പോലിസ് സ്റ്റേഷനിൽ കേസുണ്ടെങ്കിലും മുഴുവൻ വിവരങ്ങളും ഉടൻ അറിയാനാകും. കോടതി വ്യവഹാരങ്ങൾ, ക്രിമിനൽ പശ്ചാത്തലം എന്നിവയും കണ്ടെത്താം.
രാജ്യത്തെവിടെ കേസുണ്ടെങ്കിലും വിവരങ്ങൾ ആപ്പിൽ ലഭ്യമാകും. സംസ്ഥാനത്തെവിടെയും കാണാതാകുന്നവരുടെ വിവരങ്ങൾ ആപ്പിലൂടെ പൊലിസ് സേനയിലെ മുഴുവൻ ആളുകൾക്കും അപ്പപ്പോൾ കിട്ടും. അജ്ഞാത മൃതദേഹങ്ങൾ കണ്ടെത്തിയാൽ അവിടെ വച്ചുതന്നെ കാണാതായവരുടെ വിവരങ്ങൾ നോക്കി അന്വേഷണം നടത്താം.
പാസ്പോർട്ട് വെരിഫിക്കേഷൻ അടക്കമുള്ള അന്വേഷണത്തിനും പുതിയ ആപ്ലിക്കേഷൻ ഇനിമുതൽ വലിയ പങ്കു വഹിക്കും. പൊലിസ് ഉദ്യോഗസ്ഥരുടെ വ്യക്തിഗത വിവരങ്ങളും ആപ്പിൽ രേഖപ്പെടുത്തും.
ക്രൈം ഡ്രൈവ് ആപ്പ് ഉടൻതന്നെ സേനയുടെ ഭാഗമാകും. ഇതോടെ വാഹന പരിശോധന, കുറ്റാന്വേഷണങ്ങൾ, പരിശോധനകൾ അടക്കമുള്ള കാര്യങ്ങളിൽ വലിയ രീതിയിലുള്ള വേഗതയും മാറ്റങ്ങളും ഉണ്ടാകും. നിയമലംഘകരെ എളുപ്പത്തിൽ കണ്ടെത്താനാവുന്നത് കുറ്റകൃത്യങ്ങൾ കുറയുന്നതിന് കാരണമാകുമെന്നാണ് പോലിസിന്റെ നിഗമനം.