സി.സി. സോമൻ
കോട്ടയം: ചെയ്യുന്ന ജോലിയുടെ പെർഫോമൻസ് റിപ്പോർട്ട് എല്ലാ മാസവും അയച്ചുകൊടുക്കണമെന്ന ഡിജിപിയുടെ പുതിയ ഉത്തരവ് പോലീസുകാർക്ക് പാരയായേക്കും. പോലീസുകാരുടെ ദൈനംദിന പ്രവർത്തനം മെച്ചപ്പെടുത്തുവാനും പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ലഭിക്കുവാനും ആരംഭിക്കുന്ന “പോലീസ് സ്റ്റേഷൻ വെർട്ടിക്കൽസ്’ എന്ന പുതിയ പദ്ധതിയുടെ ഭാഗമായാണ് പെർഫോമൻസ് റിപ്പോർട്ട് നല്കണമെന്ന് നിർദേശിക്കുന്നത്. ഇത് ഭാവിയിൽ പോലീസുകാർക്ക് ദോഷം ചെയ്യുമോ എന്ന സംശയം ഉയർന്നിട്ടുണ്ട്.
പോലീസുകാർ ചെയ്യേണ്ട ജോലികൾ എന്തൊക്കെയെന്ന് തരംതിരിച്ച് നല്കിക്കൊണ്ടാണു പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. നിർദേശിക്കപ്പെട്ട ജോലികളുടെ പെർഫോമൻസ് റിപ്പോർട്ട് ഓരോ മാസവും ഡിജിപിക്ക് അയച്ചുകൊടുക്കുകയും വേണം. ഇതാണ് പോലീസ് സ്റ്റേഷൻ വെർട്ടിക്കൽസ് പദ്ധതി. ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ അഞ്ചു പോലീസ് സ്റ്റേഷനുകളിലാണ് ഇത് നടപ്പാക്കുക. തുടർന്ന് സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കും.
തിരുവനന്തപുരം റൂറലിൽ മൂന്നും സിറ്റിയിൽ രണ്ടു പോലീസ് സ്റ്റേഷനുകളിലും ജൂണ് ഒന്നു മുതൽ പോലീസ് സ്റ്റേഷൻ വെർട്ടിക്കൽസ് നടപ്പാക്കും. പോലീസ് സ്റ്റേഷനുകളിലെ വിവിധ തസ്തകയിലുള്ളവർ ചെയ്യുന്ന ജോലികൾ ക്രമപ്പെടുത്തി എന്നതാണ് ഇതിന്റെ പ്രത്യേകത. ഓരോരുത്തരുടെയും ഡ്യൂട്ടികൾ എന്തൊക്കെ, അവ എപ്പോൾ ചെയ്യണം തുടങ്ങിയ നിർദേശങ്ങൾ അടങ്ങിയതാണ് പുതിയ ഉത്തരവ്. ഇതനുസരിച്ചാവും ഇനി പോലീസ് ഡ്യൂട്ടികൾ ക്രമീകരിക്കുക.
റിസപ്ഷൻ, റൈട്ടർ, പട്രോളിംഗ്, വാറണ്ട്, സമൻസ്, പിആർഒ തുടങ്ങി വിവിധ തസ്തികകളായി പോലീസ് സ്റ്റേഷനുകളിലെ ജോലികൾ വിഭജിച്ചിട്ടുണ്ട്. ഇതിൽ വാറണ്ട് ഡ്യൂട്ടിയിലുള്ള പോലീസുകാരൻ എത്ര വാറണ്ടുകൾ വിതരണം ചെയ്തു, അതിൽ എത്ര പേരെ പിടികൂടി തുടങ്ങിയ വിവരങ്ങൾ് പെർഫോമൻസ് റിപ്പോർട്ടിൽ നല്കണമെന്നാണ് നിർദേശം. ഇങ്ങനെ ഓരോരുത്തരും ചെയ്യുന്ന ഡ്യൂട്ടികളുടെ പെർഫോമൻസ് റിപ്പോർട്ട് ഇനി ഡിജിപിക്ക് മാസം തോറും അയച്ചുകൊടുക്കണം.